കൊണ്ടോട്ടി- എറണാകുളത്ത് ഫുട്ബോൾ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒമ്പതാംക്ലാസ് വിദ്യാർഥിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.പി. മുഹമ്മദ് ബഷീർ (35) ആണ് അറസ്റ്റിലായത്.
അധ്യാപകൻ അറിയിച്ചതുപ്രകാരം കഴിഞ്ഞ 22ന് എറണാകുളത്ത് ഫുട്ബോൾ പരിശീലനമുണ്ടെന്ന് പറഞ്ഞാണ് വിദ്യാർഥി വീട്ടിൽ നിന്നിറങ്ങിയത്. ക്യാമ്പ് മാറ്റിവച്ചതായി പറഞ്ഞ് വിദ്യാർഥിയെ ലോഡ്ജ്മുറിയിൽ എത്തിക്കുകയായിരുന്നു. ഉറക്ക ഗുളിക നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി.
പീഡനം സംബന്ധിച്ച് വിദ്യാർഥി ഫോണിൽ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥി മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ബഷീറിനെ റിമാൻഡ് ചെയ്തു.