മംഗളൂരു- ഉള്ളാള്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജെ.ഡി (എസ്) ടിക്കറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എസ്.എസ്.എഫ് നേതാവ് അല്‍ത്താഫ് കുമ്പള പാര്‍ട്ടി നേതാക്കളെ അറിയിക്കാതെ പത്രിക പിന്‍വലിച്ചു മുങ്ങി. ജെ ഡി എസ് നേതാക്കൾ ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നതോടെയാണ് അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയത്. അല്‍ത്താഫ് കുമ്പള വര്‍ഷങ്ങളായി എസ്.എസ്.എഫ് ൽ സജീവമായിരുന്നു. അടുത്തിടെ ജെ.ഡി.എസിൽ ചേര്‍ന്ന് എം.എല്‍.എ ബി എം ഫാറൂഖിൽ സമ്മർദ്ദം ചെലുത്തി ഉള്ളാളില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് നേടുകയായിരുന്നു. പത്രിക സമര്‍പ്പിച്ചിരുന്നു എങ്കിലും അൽത്താഫിനെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കണ്ടിരുന്നില്ല. പാര്‍ട്ടി നേതാക്കളെ അറിയിക്കാതെ ഏപ്രില്‍ 21 ന് ആണ് അല്‍ത്താഫ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ 22-ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. നോട്ടീസ് വായിച്ച നാട്ടുകാര്‍ ഇക്കാര്യം ജെ.ഡി.എസ് നേതാക്കളെ അറിയിച്ചു. നേതാക്കള്‍ അല്‍താഫുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് ദിവസത്തോളം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് മോഡില്‍ ആയിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.