Sorry, you need to enable JavaScript to visit this website.

രണ്ട് മക്കളില്‍ കൂടുതലുള്ള എം.എല്‍.എമാരെ മത്സരിക്കാന്‍ അനുവദിക്കരുത്-അജിത് പവാര്‍

പൂനെ- രണ്ടിലധികം കുട്ടികളുള്ള എം.പിമാരേയും എം.എല്‍.എമാരേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് അജിത് പവാര്‍. ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ക്ക് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് അജിത് പവാര്‍ പറഞ്ഞു. ഇളവുകളൊന്നും നല്‍കിയില്ലെങ്കില്‍ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമ്മുടെ ജനസംഖ്യ 35 കോടി ആയിരുന്നെന്നും ഇപ്പോള്‍ അത് 142 കോടിയില്‍ എത്തിയെന്നും അതിന് നമ്മള്‍ എല്ലാവരും ഉത്തരവാദികളാണെന്നും പവാര്‍ പറഞ്ഞു. .
രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും  പുരോഗതിക്കായി രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള എംപിമാരും എംഎല്‍എമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. എംപിമാരുടെയും എംഎല്‍എമാരുടെയും കാര്യത്തില്‍ എന്തുകൊണ്ടാണ് സമാനമായ തീരുമാനം എടുക്കാത്തതെന്ന് ജനങ്ങള്‍ ചോദിക്കുന്നു.കേന്ദ്രമാണ് അത് ചെയ്യേണ്ടത്- അജിത് പവാര്‍ പറഞ്ഞു.  

 

Latest News