കൊച്ചി - പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന 'യുവം ' പരിപാടിയുടെ വേദിക്കരികെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി എച്ച് അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. വളരെയേറെ സുരക്ഷാ സന്നാഹങ്ങളുളള പ്രധാനമന്ത്രിയുടെ വേദിക്കടുത്തേക്ക് എങ്ങനെയാണ് ഇയാള്‍ എത്തിച്ചേര്‍ന്നതെന്ന് പൊലീസ്് അന്വേഷിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനമായ 'യുവം ' പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രതിഷേധമുണ്ടാകുമെന്ന കണക്കു കൂട്ടലില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 12 കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് കരുതല്‍ തടങ്കലിലാക്കിയത്. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി സി സി സെക്രട്ടറി എന്‍ ആര് ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്കര്‍ ബാബു, ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കരുതല്‍ തടങ്കലിലുള്ളത്.