കൊച്ചി - രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം വെട്ടി. സംസ്ഥാനം നല്കിയ പട്ടികയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരില്‍ ഗവര്‍ണറും ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമമായി ഇറക്കിയ പട്ടികയില്‍ ഗവര്‍ണ്ണറുടെ പേരില്ല. നാളെ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിയിരുന്നു. ഇവിടെ എത്തിയ ശേഷമാണ് സ്വീകരിക്കുന്നവരുടെ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വിവരം അദ്ദേഹം അറിയുന്നത്. ഇതേ തുടര്‍ന്ന് നാളെ രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗവര്‍ണ്ണര്‍. നാളെ വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചി നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുക.