കീവ്- റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ തന്റെ രാജ്യം വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് വാള്ദമിർ സെലൻസ്‌കി. കുവൈത്തിൽനിന്ന് സദ്ദാം ഹുസൈൻ പിൻവാങ്ങിയപോലെ ഉക്രൈനിൽനിന്ന് പുട്ടിനും തിരിച്ചുപോകേണ്ടി വരുമെന്ന് സെലൻസ്‌കി വ്യക്തമാക്കി.
2014 ഫെബ്രുവരിയിൽ റഷ്യ ക്രിമിയൻ പെനിൻസുല ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചതെന്ന് സൗദി വാർത്താ ചാനലായ അൽ അറബിയക്ക് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി വ്യക്തമാക്കി.
റഷ്യ ആദ്യമായി ക്രിമിയ ആക്രമിച്ചപ്പോൾ യുദ്ധം ചെയ്യാതിരുന്നതിൽ ഖേദമുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. വിജയത്തിൽ ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിലും, സഖ്യകക്ഷികളില്ലാതെ ഉക്രൈന് ഇത് എളുപ്പമുള്ള കാര്യമല്ലെന്നും ആയുധങ്ങളുടെ വിതരണം മന്ദഗതിയിലായാൽ വിജയം വൈകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യക്ക് വേണ്ടിയല്ല യുദ്ധം നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അധിനിവേശത്തെ അപലപിച്ചു, 'പുടിൻ പോരാടുന്നത് സ്വയം രക്ഷിക്കാനാണ്, അല്ലാതെ തന്റെ രാജ്യത്തിന് വേണ്ടിയല്ല. ഉക്രൈൻ ഒരു പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. അത് സംഭവിക്കും.ഞങ്ങൾ ഒരു വർഷം മുമ്പുള്ളതിനേക്കാൾ ശക്തരാണ്. ഞങ്ങളുടെ ചില ഭൂമി ഞങ്ങൾ മോചിപ്പിച്ചുവെന്നും സെലൻസ്‌കി പറഞ്ഞു.