മംഗളുരു- കോൺഗ്രസ് എം.പിയായതിന്റെ പേരിൽ തനിക്ക് അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയത് ലിംഗായത്ത് സമുദായ ആചാര്യൻ ബസവയുടെ ജയന്തി ആഘോഷമായ കുടലസംഗമ വേദിയിലേക്ക്. കുടലസംഗമ വേദിയിൽ ലിംഗായത്ത് ആചാര്യന്മാർ രാഹുൽ ഗാന്ധിക്ക് ഊഷ്മള വരവേൽപ്പും നൽകി. കർണ്ണാടക രാഷ്ട്രീയത്തിൽ 15 ശതമാനം ജനസംഖ്യയുള്ള ലിംഗായത്ത് സമുദായത്തെ ചേർത്തു നിർത്തി ഭരണം പിടിക്കാനുള്ള ലക്ഷ്യവുമായി എത്തിയ രാഹുൽ ഗാന്ധി മറ്റ് ഭക്തർക്കൊപ്പം അന്നദാസോഹയിലും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുൻ കോൺഗ്രസ് അധ്യക്ഷനൊപ്പമുണ്ടായിരുന്നു. പിന്നീട് ലിംഗായത്ത് സമുദായത്തിന് ആധിപത്യമുള്ള ബാഗൽകോട്ട്, വിജയപൂർ ജില്ലകളിൽ രാഹുൽ ഗാന്ധി പര്യടനം നടത്തി. വൈകിട്ട് വിജയപ്പൂരിൽ റോഡ്‌ഷോയും നടത്തി പ്രവർത്തകരെ ആവേശഭരിതരാക്കി. ഇന്നും രാഹുൽ ഗാന്ധി കർണ്ണാടകയിൽ പര്യടനം തുടരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകൾ പൂർണ്ണമായും ലഭിച്ചിരുന്നത് ബി ജെ പിക്ക് ആയിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാളായി വിമർശിച്ച തന്റെ പ്രസ്താവന വളച്ചൊടിച്ച്, തന്നെ ലിംഗായത്ത് വിരുദ്ധനായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചതിന് ഭരണകക്ഷിയായ ബി.ജെ.പിയെ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 'എല്ലാ ലിംഗായത്തുകളും അഴിമതിക്കാരാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ബൊമ്മൈ ഭരണത്തിനെതിരായ 40 ശതമാനം കമ്മീഷൻ ചാർജിനെ ഞാൻ വിമർശിക്കുകയും നിരവധി പ്രമുഖ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം പറഞ്ഞു. വീരേന്ദ്ര പാട്ടീൽ, എസ് നൈജലിംഗപ്പ, ജെ എച്ച് പട്ടേൽ തുടങ്ങിയ ലിംഗായത്ത് സമുദായത്തിൽ നിന്ന് സത്യസന്ധരും നേരുള്ളവരും അഴിമതിയില്ലാത്തവരുമായ നിരവധി രാഷ്ട്രീയക്കാരുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. 'എന്നാൽ ബൊമ്മൈ ഭരണം ഏറ്റവും അഴിമതി നിറഞ്ഞതാണ്, 40 ശതമാനം അഴിമതി ആരോപണത്തെക്കുറിച്ച് സ്‌റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്തെഴുതുകയും ആത്മഹത്യയ്ക്ക് മുമ്പ് കമ്മീഷൻ ആവശ്യപ്പെട്ടതിന് ഒരു കരാറുകാരൻ കുറ്റപ്പെടുത്തുകയും ചെയ്തു,' അദ്ദേഹം കൂട്ടിച്ചേർത്തു. ലിംഗായത്ത് സമുദായത്തോടുള്ള കോൺഗ്രസ് പാർട്ടിയുടെ ബഹുമാനവും സ്‌നേഹവും കാരണം 2018 ലെ തിരഞ്ഞെടുപ്പിൽ 47 സ്ഥാനാർത്ഥികൾക്കെതിരെ ഇത്തവണ 53 സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകിയതായി കോൺഗ്രസ് നേതാവ് പറഞ്ഞു.