ഓക്‌ലാന്‍ഡ്- കന്നി പ്രസവത്തില്‍ ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേന്‍ വ്യാഴാഴ്ച ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. വ്യാഴാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയെ ഓക് ലാന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ ആരോഗ്യ വതിയായ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 3.31 കിലോ തൂക്കമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. പ്രസവ വിവരം 37-കാരിയായ പ്രധാനമന്ത്രി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നെടുത്ത ഫോട്ടോയും കുറിപ്പും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതീക്ഷിക്കപ്പെട്ടിരുന്നതിനും നാലു ദിവസം വൈകിയാണ് പ്രസവം. ആറാഴ്ചത്തെ പ്രസവ അവധി എടുത്ത പ്രധാനമന്ത്രി ജസീന്ത ചുമതലകള്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സിനു കൈമാറിയിരിക്കുകയാണ്. അധികാരത്തിലിരിക്കെ പ്രസവിക്കുന്ന ആധുനിക ലോക ചരിത്രത്തിലെ രണ്ടാം വനിതാ നേതാവാണ് ജസീന്ത. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ 1990-ല്‍ ബേനസീര്‍ ഭൂട്ടോ മകള്‍ക്കു ജന്മം നല്‍കിയതാണ് ആദ്യ സംഭവം. ബേനസീറിന്റെ ജന്മദിനത്തിലാണ് ജസീന്തയുടെ പ്രസവമെന്നതും യാദൃശ്ചികം.
2017 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ട ജസീന്ത ആഡേന്‍ ജനുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തിയത്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ജസീന്ത.