റാഞ്ചി- മനുഷ്യക്കടത്തിനെതിരെ പ്രചാരണ പരിപാടി നടത്തുന്നതിനിടെ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചു യുവതികളെ ആക്രമികള്‍ തട്ടിക്കൊണ്ടു പോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ കൊചാങില്‍ ചൊവ്വാഴ്ചയാണ് സംഭവം. 11 അംഗ പൊതുപ്രവര്‍ത്തകരുടെ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവതികള്‍. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം സംഘടിപ്പിക്കാനാണ് സംഘം ഇവിടെ എത്തിയിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെ ആക്രമികള്‍ ആക്രമിച്ചാണ് യുവതികളെ തട്ടിക്കൊണ്ടു പോയത്.
ആയുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്. യുവാക്കള്‍ക്കു നേരെ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുവതികളെ തട്ടിക്കൊണ്ടു പോയത്. മൂന്നു മണിക്കൂറിനു ശേഷം ആക്രമികള്‍ യുവതികളെ സമീപത്തെ വനമേഖലയില്‍ ഇറക്കി വിട്ട് കടന്നു കളയുകയായിരുന്നു. അഞ്ചു യുവതികളി രണ്ടു പേര്‍ കന്യാസ്ത്രീകളായിരുന്നു. ഇവരെ ആക്രമികള്‍ ഒന്നു ചെയ്തിട്ടില്ല.
പീഡന ദൃശ്യങ്ങള്‍ ആക്രമികള്‍ വീഡിയോയില്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവതികളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഭയന്ന യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സംഭവം അറിഞ്ഞ് പോലീസ് ഇടപെടുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സംശയത്തിന്റെ നിഴലിലുള്ള ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ യുവതികള്‍ ബലാല്‍സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. അന്വേഷണത്തിന് പോലീസ് മൂന്ന് സംഘങ്ങളെ നിയോഗിച്ചു.
പ്രതികള്‍ ജാര്‍ഖണ്ഡിലെ ഒരു ആദിവാസി സ്വയംഭരണ സംവിധാനമായ പത്തല്‍ഗഡി അനുകൂലികളാണെന്നും റിപ്പോര്‍ട്ടുണ്ട്. പത്തല്‍ഗഡി വിഭാഗക്കാര്‍ സര്‍ക്കാരിനേയം ഭരണകൂടത്തേയും അംഗീകരിക്കില്ല. ഭരണഘടന തങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നുണ്ടെന്നാണ് വാദം. പുറത്തു നിന്നുള്ളവര്‍ക്ക്, പോലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വരെ പത്തല്‍ഗഡി ഗ്രാമങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാവില്ല.