മുംബൈ- മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ-ബി.ജെ.പി സർക്കാർ ഇരുപത് ദിവസത്തിനകം താഴെ വീഴുമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിന്റെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തീയതി മാത്രമേ പ്രഖ്യാപിക്കേണ്ടതുള്ളുവെന്നും റാവത്ത് പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരിയിൽ ഷിൻഡെ സർക്കാർ വീഴുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ സുപ്രീം കോടതി വിധിയിലെ കാലതാമസം ഈ ഈ സർക്കാരിന്റെ ജീവിതം നീട്ടി. അടുത്ത 15-20 ദിവസത്തിനുള്ളിൽ ഈ സർക്കാർ വീഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ശിവസേനയുടെ വിമത എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഷിൻഡെ സർക്കാർ രൂപീകരിച്ചത്. അതിനു ശേഷം ഉദ്ധവ് താക്കറെ വിഭാഗത്തിലെ പല നേതാക്കളും ഷിൻഡെ വിഭാഗത്തിൽ ചേർന്നു.