കൊൽക്കത്ത- കൗമാരക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ പോലീസ്. കുട്ടിയുടെ മരണകാരണം വിഷം കഴിച്ചതാണെന്നാണ് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടവും പോലീസ് പുറത്തുവിട്ടു. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും മരിച്ച 17കാരിയുടെ ശരീരത്തിൽ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇരയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ അക്രമാസക്തമായ പ്രതിഷേധത്തിനും പോലീസ് നടപടിക്കും കാരണമായ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കേസിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചതായും മുഴുവൻ നടപടികളും വീഡിയോയിൽ പകർത്തിയതായും പോലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങൾ കൊണ്ട്' രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ 'നഗ്‌നമായി' നിയമങ്ങൾ ലംഘിക്കുകയാണെന്നും പശ്ചിമബംഗാൾ ബാലവകാശ കമ്മീഷൻ ആരോപിച്ചു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) പശ്ചിമ ബംഗാളിലെ കലിയഗഞ്ചിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയച്ചിരുന്നു. എൻ.സി.പി.സി.ആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോയും ശനിയാഴ്ച കൊൽക്കത്തയിലെത്തി. കുട്ടികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ പോലീസ് കൂടുതൽ സെൻസിറ്റീവ് ആയിരിക്കണമെന്നും സംസ്ഥാനം ക്രമസമാധാനം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. എൻ.സി.പി.സി.ആർ ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി) ലംഘിച്ചെന്നും പശ്ചിമ ബംഗാളിൽ അനധികൃതമായി പ്രവേശിച്ചെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ച് ടൗണിലെ കുളത്തിന്റെ തീരത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ വിഷപദാർത്ഥങ്ങൾ അകത്തുചെന്നതിന്റെ ഫലമാണ് മരണകാരണമെന്ന് പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും ബാലുർഘട്ട് എം.പിയുമായ സുകാന്ത മജുംദാർ മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു. തെളിവുകൾ നശിപ്പിച്ച് ഇരക്ക് നീതി നിഷേധിക്കുകയാണ് പോലീസ് ചെയ്തത് എന്നാണ് ബി.ജെ.പിയുടെ ആരോപണം.