Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രിസ്ഥാനത്ത് തുടരാൻ സമർദ്ദം ചെലുത്തണം;  ദേവർകോവിൽ കാന്തപുരത്തോട്

കോഴിക്കോട്- മന്ത്രി സ്ഥാനത്ത് അഞ്ചുവർഷവും തുടരാൻ ഇടതുമുന്നണിയിൽ സമർദ്ദം ചെലുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയാണ് കാന്തപുരവുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയത്. കാന്തപുരം വഴി സി.പി.എമ്മിലും ഇടതുമുന്നണിയിലും സമർദ്ദം ചെലുത്താനാണ് ദേവർകോവിൽ സന്ദർശനം നടത്തിയത്. 
ഐ.എൻ.എല്ലിന് രണ്ടര വർഷമാണ് മന്ത്രി സ്ഥാനം ഇടതുമുന്നണി അനുവദിച്ചത്. മന്ത്രി സ്ഥാനത്തു നിന്ന് ദേവർകോവിലിനെ നീക്കണമെന്ന് നാഷണൽ ലീഗിലെ അബ്ദുൽ വഹാബ് വിഭാഗം ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നേരത്തെ അനുവദിച്ച രണ്ടരവർഷം കാലാവധി അഞ്ചുവർഷമാക്കാൻ സമർദ്ദം ചെലുത്തണമെന്ന് ദേവർകോവിൽ ആവശ്യപ്പെട്ടത്. നേരത്തെ നാഷണൽ ലീഗിലെ തർക്കം തീർക്കാൻ കാന്തപുരം ഇടപെട്ടിരുന്നു. സി.പി.എം തന്നെയാണ് ഇതിനായി കാന്തപുരത്തെ നിയോഗിച്ചത്. ഇരുകൂട്ടരുമായി ചർച്ച ചെയ്ത് കാന്തപുരം ഒരു ഫോർമുല നിർദേശിച്ചെങ്കിലും അത് നടപ്പാക്കാനായില്ല. ഇതിനിടെയാണ് അഹമ്മദ് ദേവർകോവിൽ കാന്തപുരത്തെ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം മർക്കസ് നോളെജ് സിറ്റിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ കാന്തപുരത്തിന് തൊട്ടുത്തായി ദേവർകോവിലും ഉണ്ടായിരുന്നു. 
അതിനിടെ, ഇന്ത്യൻ നാഷനൽ ലീഗ് അബ്ദുൽ വഹാബ് വിഭാഗത്തിന്റെ സെക്കുലർ റാലിക്കെതിരെ അഹമ്മദ് ദേവർകോവിൽ വിഭാഗം കോടതിയെ സമീപിച്ചു. മെയ് 12ന് കോഴിക്കോട്ട് നടത്താൻ നിശ്ചയിച്ച റാലി 26ലേക്ക് മാറ്റിവെച്ചു. സംസ്ഥാന സർക്കാറിന്റെ ആഘോഷ പരിപാടികൾ വന്നതുകൊണ്ടാണ് റാലി മാറ്റിയതെന്ന് വഹാബ് വിഭാഗം സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു.
ഐ.എൻ.എൽ എന്ന പേരും കൊടിയും വഹാബ് വിഭാഗം ഉപയോഗിക്കുന്നതിനെതിരായ കേസിൽ അഹമ്മദ് ദേവർകോവിൽ വിഭാഗത്തിന് അനുകൂലമായി വിധി ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് മെയ് 12ലെ സെക്കുലർ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ദേവർകോവിൽ വിഭാഗം കോടതിയെ സമീപിച്ചത്. പക്ഷെ കോടതി ഹരജി പരിഗണിക്കാൻ മാറ്റി വെക്കുകയായിരുന്നു. അബ്ദുൽ വഹാബ്, നാസർ കോയ തങ്ങൾ എന്നിവർ ഐ.എൻ.എൽ എന്ന പേരും കൊടിയും ഉപയോഗിക്കുന്നത് തടഞ്ഞാണ് കോടതി വിധിയെന്നും മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നുമാണ് വഹാബ് വിഭാഗത്തിന്റെ വാദം. ആ അടിസ്ഥാനത്തിലാണ് ഐ.എൻ.എൽ സെക്കുലർ റാലി എന്ന് പരസ്യപ്പെടുത്തിയത്. 
അഖിലേന്ത്യാ കമ്മിറ്റിയുമായി ബന്ധമില്ലാതെയാണ് വഹാബ് വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത്. ദേവർകോവിൽ വിഭാഗത്തിനാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ പിന്തുണ. ദേവർകോവിലാണ് അഖിലേന്ത്യാ സെക്രട്ടറി. കാൽ നൂറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ.എൻ.എല്ലിന് ഇടതുമുന്നണിയിൽ പ്രവേശനം കിട്ടുന്നത്. ഏക എം.എൽ.എ.യായ അഹമ്മദ് ദേവർകോവിലിന് മന്ത്രിയാകാനും സാധിച്ചു. ഇതോടെ നേരത്തെ സംഘടനയിൽ ഉണ്ടായിരുന്ന ചേരിപ്പോര് മൂർഛിക്കുകയും പിളരുകയുമായിരുന്നു. സംസ്ഥാന പ്രസിഡന്റായിരുന്ന വഹാബ് ഒരു ചേരിയിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറ്റൊരു ചേരിയിലുമായാണ് പിളർപ്പ്.
 

Latest News