Sorry, you need to enable JavaScript to visit this website.

എ.ഐ ക്യാമറ അഴിമതിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം, ഉത്തരവാദിത്തം ഒഴിഞ്ഞ് ഗതാഗത മന്ത്രി, ആകെ ദുരൂഹത

തിരുവനന്തപുരം -  ട്രാഫിക് സുരക്ഷക്കായി എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയെന്ന ആരോപണം ശക്തമായി ആവര്‍ത്തിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നതിന് പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി കെല്‍ട്രോണും രംഗത്തെത്തി.
ആരും ട്രാഫിക് സുരക്ഷക്ക് എതിരല്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നില്ല. എന്നാലിപ്പോള്‍ എന്റെ കൈയിലുണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതിക്കുള്ള തുക വര്‍ധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.
പോലീസ്  ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ അതിനെ താനെതിര്‍ത്തത് കൊണ്ട് പിന്നീട് ആ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരില്‍ നടപ്പാക്കുകയാണ്. ഈ പദ്ധതികള്‍ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി കൊടുക്കുന്നില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എന്നാല്‍ പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് എന്ന കമ്പനിയാണ് നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നും സി.എം.ഡി എന്‍.നാരായണ മൂര്‍ത്തി പറഞ്ഞു. ക്യാമറ നിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായുള്ള കരാര്‍. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സര്‍ക്കാരല്ല കെല്‍ട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണം. പദ്ധതി തയാറാക്കിയത് മോട്ടര്‍ വാഹന വകുപ്പല്ല, കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. 2018 ലാണ് ഈ പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത്. 2021ലാണ് താന്‍ മന്ത്രിയായതെന്നും അതിനു മുന്‍പു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കെല്‍ട്രോണാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എ.ഐ ക്യാമറയുടെ പദ്ധതി വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും കെല്‍ട്രോണിനെ മുന്‍നിര്‍ത്തി കള്ളക്കളി നടത്തുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

 

Latest News