Sorry, you need to enable JavaScript to visit this website.

മോഡിയുടെ യുവം പരിപാടിയിൽ മലയാളത്തിലെ യുവതാരങ്ങളെത്തുമെന്ന് സംഘാടകർ

കൊച്ചി- രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചിന് കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു വെണ്ടുരുത്തി പാലം കടന്നു തേവരയിലെ വേദിയിലേക്കു മെഗാ റോഡ് ഷോ ആയാണ് എത്തുക. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ഐ പി എസ് അറിയിച്ചു.
തുടര്‍ന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന യുവം കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയില്‍ അദ്ദേഹം യുവാക്കളുമായി സംവദിക്കും.  രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വന്‍ സഞ്ചയം പരിപാടിയില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറഞ്ഞു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമടക്കം ഒന്നര ലക്ഷം പേര്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തതായ അവര്‍ അറിയിച്ചു. സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ പരിപാടിക്ക് എത്തുമെന്നാണു വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും യുവാക്കളില്‍നിന്നു പ്രധാനമന്ത്രി തേടും. അവരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിനല്‍കും. യുവം പരിപാടിക്ക് ശേഷം രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയില്‍ നിന്നും പുറപ്പെടുക.
10:15 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 10.30 ന് സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടര്‍ച്ചയായി റയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.
കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക പോലീസ് അറിയിച്ചിരുന്നു. 15,000 പേര്‍ പങ്കെടുക്കുമെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ ആളെ എത്തിക്കാന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ കൂടുതല്‍ ആളുകളെത്തിയാല്‍ അത് നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News