റിയാദ് - വനിതകൾ വാഹനമോടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം പൂർത്തിയാക്കി 40 വനിതകൾ ഉൾപ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങി. ട്രാഫിക് ഡയരക്ടറേറ്റുമായി സഹകരിച്ച് റോഡപകടങ്ങൾ കൈകാര്യം ചെയ്യാൻ 'നജ്മ്' ഇൻഷുറൻസ് കമ്പനിയാണ് യോഗ്യരായ വനിതകൾക്ക് പരിശീലന കോഴ്‌സ് സംഘടിപ്പിച്ചത്. ആദ്യമായി ട്രാഫിക് പരിശോധക എന്ന നിലയിൽ വനിതകൾക്ക് ഉദ്യോഗം ലഭ്യമാക്കിയതിൽ ചാരിതാർഥ്യമുണ്ടെന്ന് നജ്മ് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. ആശയവിനിമയ ശേഷി, കുറ്റാന്വേഷണ പാടവം, ജോലിയോടുള്ള ആഭിമുഖ്യം എന്നീ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.