- നിയമ ലംഘനത്തിന് ഇളവില്ലെന്ന് ട്രാഫിക് വിഭാഗം
റിയാദ് - സൗദി അറേബ്യയിൽ സ്ത്രീകൾ വാഹനവുമായി നിരത്തിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രം. സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസൻസ് സമ്പാദിച്ച് വാഹനവുമായി റോഡിലിറങ്ങാൻ കാത്തിരിക്കുന്നത്. ഞായറാഴ്ച സൗദിയിലെ റോഡുകൾ ചരിത്ര നിമിഷങ്ങൾക്കായിരിക്കും സാക്ഷ്യം വഹിക്കുക. അതിനു മുമ്പായി സ്ത്രീകളാരെങ്കിലും വാഹനവുമായി നിരത്തിലിറങ്ങിയാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകൾ വാഹനമോടിക്കുന്നതിന് മുന്നോടിയായി ട്രാഫിക് വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന നിരത്തുകളിലെല്ലാം വനിതാ ഡ്രൈവർമാരെ കൂടി അഭിസംബോധന ചെയ്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളിൽ ആയിരക്കണക്കിന് വനിതകളാണ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തത്. തങ്ങൾക്ക് കീഴിൽ 13,000 വനിതകൾ രജിസ്റ്റർ ചെയ്തുവെന്ന് ദമാം ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്‌സിറ്റി ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ വെളിപ്പെടുത്തി. ഇതിനോടകം ലൈസൻസ് നേടിയ വനിതകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ആഹ്ലാദം പ്രകടിപ്പിക്കുന്ന രംഗങ്ങൾ വൈറലായി മാറിയിരുന്നു.
അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളിൽ വനിതകൾക്ക് ഇളവുകൾ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവർത്തിച്ചു. നിയമം ലംഘിക്കുന്ന വനിതാ ഡ്രൈവർമാർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യും. ആളുകൾ മരിക്കുകയോ വൈകല്യം സംഭവിക്കുകയോ ഭേദമാകുന്നതിന് 15 ദിവസത്തിലധികം സമയമെടുക്കുന്ന പരിക്കുകളുണ്ടാവുകയോ ചെയ്യുന്ന അപകടങ്ങൾക്ക് ഉത്തരവാദികളായ ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കും. ഇങ്ങനെ കസ്റ്റഡിയിൽ എടുക്കുന്ന വനിതകളെ പ്രത്യേക കെയർ സെന്ററുകളിലേക്ക് മാറ്റുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
മദ്യ, മയക്കുമരുന്ന് ലഹരിയിലും എതിർ ദിശയിലും വാഹനമോടിക്കൽ സിഗ്നൽ കട്ട് ചെയ്യൽ, നിശ്ചിത വേഗപരിധിയിലും മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടിയ വേഗതയിൽ വാഹനമോടിക്കൽ, നിരോധിക്കപ്പെട്ട സ്ഥലങ്ങളായ വളവുകളിലും കയറ്റങ്ങളിലും ഓവർടേക് ചെയ്യൽ, സ്റ്റോപ്പ് സിഗ്നലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താതിരിക്കൽ, ബ്രേയ്ക്ക്, ലൈറ്റ് പോലുള്ള അടിസ്ഥാന സജ്ജീകരണങ്ങളില്ലാതെ വാഹനങ്ങൾ ഓടിക്കൽ, അഭ്യാസ പ്രകടനം തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങളായി ട്രാഫിക് നിയമം കണക്കാക്കുന്നു. ലൈസൻസ് ഇല്ലാത്തവർക്ക് വാഹനമോടിക്കാൻ അനുവദിക്കുന്നത് 900 റിയാൽ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം വിശദമാക്കി.