ന്യൂദൽഹി- ഇന്ത്യയുടെ ഗുസ്തി താരങ്ങൾ വീണ്ടും സമരമുഖത്ത്. നിരവധി വനിത താരങ്ങളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂദൽഹിയിലെ ജന്ദർ മന്തറിൽ സമരം. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങൾ രണ്ട് ദിവസം മുൻപ് ദൽഹി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ലൈംഗികമായി ചൂഷണം ചെയ്തുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി താരങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്. ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. മൂന്നു മാസം മുമ്പും താരങ്ങൾ സമരവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പീഡന പരാതിയിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപവത്കരിച്ചു. എം.സി. മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നതുവരെ ഞങ്ങൾ ഇവിടെ നിന്ന് പോകില്ല. ആവർത്തിച്ച് ശ്രമിച്ചിട്ടും സർക്കാരിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കുന്നില്ല. ഞങ്ങൾ ഇവിടെ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഞങ്ങൾക്ക് നീതി ലഭിക്കും. മൂന്ന് മാസമായി ഞങ്ങൾ അവരുമായി (കായിക മന്ത്രി അനുരാഗ് താക്കൂറും മറ്റ് ബന്ധപ്പെട്ട അധികാരികളും) ബന്ധപ്പെടാൻ ശ്രമിക്കുന്നു. കമ്മിറ്റി അംഗങ്ങൾ ഞങ്ങളോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയവും ഒന്നും പറഞ്ഞിട്ടില്ല, അവർ ഞങ്ങളുടെ കോളുകൾ പോലും എടുക്കുന്നില്ല. ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയിട്ടുണ്ട്, ഇതിനായി ഞങ്ങളുടെ കരിയർ പണയപ്പെടുത്തിയെന്നും താരങ്ങൾ പറഞ്ഞു. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദൽഹി പോലീസിന് നോട്ടീസയച്ചു.