- ഫിഫ എന്നാൽ ഫുട്ബോൾ ഈസ് നോട്ട് ഫോർ അറബ്സ് എന്ന് പരിഹാസം
നിഷ്നി നോവ്ഗൊരോദ് (റഷ്യ)- മേഖലയിൽനിന്നുള്ള മൂന്ന് ടീമുകൾ ഒരുമിച്ച് ലോകകപ്പിൽനിന്ന് പുറത്തായതോടെ അറബ് ലോകത്ത് നിരാശയും പരിഹാസവും. നീണ്ട ഇടവേളക്കുശേഷം ലോകകപ്പ് യോഗ്യത നേടിയ ഈജിപ്തും, സൗദി അറേബ്യയും, മൊറോക്കോയും ഇത്തവണ അദ്ഭുതം കാട്ടുമെന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ്, ലോകകപ്പിൽനിന്ന് പുറത്താവുന്ന ആദ്യത്തെ മൂന്ന് ടീമുകളായി അവർ മാറിയതിൽ മുഴുവൻ അറബ് ലോകത്തും ദുഃഖവും രോഷവുമുണ്ട്. ഈ മൂന്ന് ടീമുകളും കൂടി ആറ് കളികളിലായി ആകെ സ്കോർ ചെയ്തത് ഒരേയൊരു ഗോൾ. അതും പെനാൽറ്റിയിൽനിന്ന് മുഹമ്മദ് സലാഹ്, റഷ്യക്കെതിരെ നേടിയത്.
അറബ് ലോകത്തുനിന്ന് ഇനി പ്രതീക്ഷിക്കാവുന്ന ഏക ടീം തുനീഷ്യയാണ്. പക്ഷെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 2-1ന് തോറ്റ അവർക്കും രണ്ടാം റൗണ്ടിലെത്തുക കഠിനമാവും. അടുത്ത മത്സരത്തിൽ എതിരാളികൾ കരുത്തരായ ബെൽജിയമാണ്. പോർച്ചുഗലിനെതിരെ ഒന്നാന്തരമായി പൊരുതിയിട്ടും ഒരു ഗോൾ തോൽവി ഏറ്റുവാങ്ങി കളം വിടേണ്ടിവന്ന മൊറോക്കൻ താരം ഫൈസൽ ഫജർ തൂകിയ കണ്ണീർ വാസ്തവത്തിൽ മൊത്തം അറബ് ഫുട്ബോൾ പ്രേമികളുടേതുമായി.
ഫുട്ബോൾ ഭ്രാന്തിന്റെ കാര്യത്തിൽ യൂറോപ്പിനും, ലാറ്റിനമേരിക്കക്കും ഒട്ടും പിന്നിലല്ലാത്ത അറബ് ലോകത്ത്, തങ്ങളുടെ പ്രതീക്ഷകൾ ഇത്രവേഗം തകർന്നതിൽ അമർഷം പുകയുകയാണ്. സ്വാഭാവികമായും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ചിലർക്കത് സ്വയം പരിഹാസവുമായി. ലോക ഫുട്ബോൾ സംഘടനയായ ഫിഫക്ക് ചിലർ പുതിയ നിർവചനം തന്നെ നൽകി- ഫുട്ബോൾ ഈസ് നോട്ട് ഫോർ അറബ്സ്.
തങ്ങളുടെ കളി നിലവാരത്തെ സ്വയം വിമർശിക്കുന്നതായിരുന്നു മറ്റു ചിലരുടെ പോസ്റ്റുകൾ. അറബ് ടീമുകൾ യൂറോപ്പിനെയും ലാറ്റിനമേരിക്കയെയും അപേക്ഷിച്ച് വർഷങ്ങൾ പിന്നിലാണെന്ന് അവർ കുറിച്ചു.
അറബ് രാഷ്ട്രീയത്തെയും ഫുട്ബോളിനെയും ഒരുപോലെ കുത്തുന്ന ഒരു ആരാധകന്റെ പരിഹാസ കമന്റ് ഇതായിരുന്നു: 'അറബ് രാജ്യങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും എപ്പോഴും ഭിന്നതയാണ്. പക്ഷെ ലോകകപ്പിൽനിന്ന് ഒരുമിച്ച് പുറത്തുപോകുന്ന കാര്യത്തിൽ അവർ യോജിച്ചു.'
കൂട്ടത്തിൽ ഏറ്റവും നിരാശപ്പെടുത്തിയത് സൗദി അറേബ്യയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർന്ന സൗദി ടീമിന്റെ തോൽവി ഇനിയും ആരാധകർക്ക് പൂർണമായും ഉൾക്കൊള്ളാനായിട്ടില്ല. ഈ ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ തോൽവിയാണത്. ടീമിന്റെ പ്രകടനത്തിൽ കളിക്കാരെ കുറ്റപ്പെടുത്തി സൗദി സ്പോർട്സ് അതോറിറ്റി മേധാവി തുർക്കി അൽഷെയ്ഖ് പരസ്യമായി രംഗത്തുവന്നു. ടീമിന്റെ പ്രകടനം തനിക്ക് വ്യക്തിപരമായിതന്നെ അധിക്ഷേപമാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞത്. ദേശീയ ടീമെന്ന നിലയിൽ അവർക്ക് നൽകാവുന്നതെല്ലാം ഞങ്ങൾ നൽകി. പക്ഷെ അവർ എന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ് ചെയ്തത്- അദ്ദേഹം പരിതപിച്ചു.
രണ്ടാമത്തെ മത്സരത്തിൽ സൗദിയുടെ പ്രകടനം മെച്ചപ്പെട്ടെങ്കിലും ഉറുഗ്വായോടും തോൽവി (1-0) ഒഴിവാക്കാനായില്ല.
സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ പരിക്കായിരുന്നു ഈജിപ്തിന്റെ പ്രശ്നം. പക്ഷെ സലാഹ് കളിച്ചിട്ടും റഷ്യയോട് അവർ 3-1ന് തോറ്റു. സലാഹിന് പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടാനായി എന്നതുമാത്രമാണ് മെച്ചം. നേരത്തെ സലാഹ് ഇല്ലാതെ കളിച്ച അവർ ഉറുഗ്വായോട് 1-0നാണ് തോറ്റത്.
കൂട്ടത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് മൊറോക്കോയാണ്. ഇറാനെതിരായ ആദ്യമത്സരത്തിൽ സെൽഫ് ഗോളാണ് അവരെ ചതിച്ചത്. പോർച്ചുഗലുമായുള്ള മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം മൊറോക്കോയുടേതായിരുന്നു. പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ മത്സരത്തിന്റെ വിധിയെഴുതി. മൊറോക്കോയുടേയും.
ഏഷ്യയിലെയും ആഫ്രിക്കയിലെയും യോഗ്യതാ മത്സരങ്ങൾ കടന്നാണ് അറബ് ടീമുകൾ ലോകകപ്പിനെത്തുന്നത്. രണ്ട് കോൺഫെഡറേഷനുകൾക്കുംകൂടി പത്ത് ലോകകപ്പ് ബെർത്തുകളുണ്ട്. 'എന്തിനാണ് ഇവർക്ക് എത്രയധികം' എന്ന ചോദ്യം നിരന്തരം ഉന്നയിക്കപ്പെടുന്നതാണ്. ആ വിമർശകരുടെ വാദങ്ങൾക്ക് സാധൂകരണം നൽകുന്നതായി അറബ് ടീമുകളുടെ പ്രകടനം.
പുറത്തായെങ്കിലും മൂന്ന് ടീമുകൾക്കും ഓരോ മത്സരം കൂടിയുണ്ട്. സൗദിയും ഈജിപ്തും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരം തിങ്കളാഴ്ചയാണ്. അന്നുതന്നെയാണ് മൊറോക്കോ സ്പെയിനിനെ നേരിടുന്നതും. ഫലം എന്തുതന്നെയായാലും ഈ മൂന്ന് ടീമുകൾക്കും അതുകഴിഞ്ഞ് റഷ്യയിൽനിന്ന് വിമാനം കയറാം.
യാഥാർഥ്യം ഉൾക്കൊള്ളുന്നതായിരുന്നു ഒരു അറബ് ആരാധകന്റെ ട്വീറ്റ്: 'സത്യം പറഞ്ഞാൽ ഞങ്ങൾ അറബ് ടീമുകൾക്ക് വമ്പൻ ടൂർണമെന്റുകൾ കളിക്കാൻ അർഹതയില്ല'.