Sorry, you need to enable JavaScript to visit this website.

എതിരാളികളെ കടുവകൾക്ക് തിന്നാൻ കൊടുത്തു, ജീവനോടെ പേശി പറിച്ചെടുത്തു, ക്രൂര പീഡനം

ന്യൂയോർക്ക്- എതിർപക്ഷത്തുള്ളവരെയും ഒറ്റുകാരെയും അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന് കുപ്രസിദ്ധ കുറ്റവാളിയും മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ നേതാവുമായ എൽ ചാപ്പോയുടെ മകന് എതിരെ കുറ്റപത്രം. എതിരാളികളെ ജീവനോടെയും അല്ലാതെയും കടുവകൾക്ക് ഭക്ഷിക്കാൻ കൊടുക്കുക, കോർക്ക് സ്‌ക്രൂ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കുക, മുറിവുകളിൽ ചൂടാക്കിയ കുപ്പിച്ചിലുകൾ വെക്കുക, മൃതദേഹം പലഭാഗങ്ങളായി ഛേദിച്ച് പലയിടങ്ങളിൽ വലിച്ചെറിയുക എന്നിങ്ങനെയാണ് ഇയാളുടെ രീതിയെന്ന് യു.എസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ കുറ്റപത്രത്തിൽ പറയുന്നു. 
അധികാരം വിപുലീകരിക്കാനും ശത്രുക്കളെ ഭയപ്പെടുത്താനും സംഘം ഉപയോഗിക്കുന്ന ക്രൂരമായ പീഡന രീതികളും വധശിക്ഷകളും കുറ്റപത്രത്തിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. പിടികൂടുന്ന ഇരകളിൽ എല്ലാവരെയും സംഘം വധിച്ചു. ക്രിമിനൽ സംഘത്തിലെ ഇവാൻ, ആൽഫ്രെഡോ എന്നിവരുടെ കടുവകൾക്കാണ് ഇരകളെ ഭക്ഷിക്കാൻ കൊടുത്തത്. 
2017ൽ രണ്ട് മെക്‌സിക്കൻ ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരെ പിടികൂടി കൊന്നതിൽ എൽ ചാപ്പോയുടെ രണ്ട് മക്കളും ഉൾപ്പെട്ടതായി പ്രോസിക്യൂട്ടർമാർ അവകാശപ്പെട്ടു. ഏകദേശം രണ്ടു മണിക്കൂറോളമാണ് ഉദ്യോഗസ്ഥരെ ഈ സംഘം പീഡിപ്പിച്ചത്. പേശികൾ കോർക്ക് സ്‌ക്രൂ ഉപയോഗിച്ച് പറിച്ചെടുത്തു. മുറിവുകളിൽ ചില്ലു വെച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 
എതിരാളികളായ മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളെയും കടം വീട്ടാൻ വിസമ്മതിച്ച കൂട്ടാളികളെയും വെള്ളത്തിൽ മുക്കിയും വൈദ്യുതാഘാതമേൽപ്പിച്ചും പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
 

Latest News