Sorry, you need to enable JavaScript to visit this website.

മുപ്പതിലേറെ തവണ മാറ്റിവെച്ച എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുപ്പതിലേറെ തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ നവംബറിലാണ്് ഏറ്റവും ഒടുവില്‍ പരിഗണിച്ചത്. അന്നു ചീഫ് ജസ്റ്റിസ് ആയിരുന്ന യു.യു ലളിത് വിരമിച്ചതിന് ശേഷം കേസ് വീണ്ടും ഇതേവരെ പരിഗണനക്കു വന്നിരുന്നില്ല. ലാവ്‌ലിന്‍ ഹരജികള്‍ പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹരജികള്‍ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.
കേസില്‍ സി.ബി.ഐക്ക് വേണ്ടി നേരത്തെ ഹാജരായത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജുമായിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാര്‍ മേത്ത തിങ്കളാഴ്ച ഹാജരാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ ലാവലിന്‍ ഹരജികളില്‍ സി.ബി.ഐക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം.എല്‍. ജിഷ്ണുവാണ് കത്ത് നല്‍കിയത്. തനിക്ക് വൈറല്‍പനി ആണെന്നും അതിനാല്‍ മൂന്നാഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

 

Latest News