അഹമ്മദാബാദ്- നോട്ടുനിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ നിരോധിത നോട്ടുകളുടെ നിക്ഷേപം വന്നത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ബാങ്കിൽ. അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റവ് ബാങ്കിലാണ് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകമാണ് ഇത്രയും നോട്ടുകൾ അമിത് ഷാ ഡയറക്ടറായ ഈ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. കുറെ വർഷങ്ങളായി ബാങ്കിന്റെ ഡയറക്ടറാണ് അമിത് ഷാ. 2000-ത്തിൽ ഈ ബാങ്കിന്റെ ചെയർമാനുമായിരുന്നു. ഈ ബാങ്കിന്റെ 2017 മാർച്ച് 31 വരെയുള്ള നിക്ഷേപം 5,050 കോടി രൂപയാണ്. അറ്റാദായം 14.31 കോടി രൂപയും. ഗുജറാത്തിലെ ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രമായാണ് ഈ ബാങ്ക് സ്ഥിതി ചെയ്യുന്ന രാജ്‌കോട്ടിനെ കണക്കാക്കുന്നത്. 2001-ൽ ഇവിടെനിന്നാണ് മോഡി ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.