തിരുവള്ളൂര്‍- തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റിയ അധ്യാപകനെ സ്‌കൂള്‍ വിട്ടു പോകാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. സ്ഥലംമാറ്റ വിവരമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അധ്യാപകനെ പിടിച്ചു വച്ചും കെട്ടിപ്പിടിച്ചും കരഞ്ഞും അലറി വിളിച്ചും പോകരുതെ എന്ന പേക്ഷിക്കുകയും കുട്ടികളുടെ അതിരറ്റ സ്‌നേഹ പ്രകടനത്തില്‍ കരഞ്ഞു പോയ അധ്യാപകന്റേയും വികാരനിര്‍ഭരമായ ദൃശ്യങ്ങള്‍ തമിഴ് വാര്‍ത്താ ചാനലാണ് പുറത്തു വിട്ടത്. തിരുവള്ളൂര്‍ ജില്ലയിലെ വെളിയാഗരം ഗവ. ഹൈസ്്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജി. ഭഗവാനെയാണ് കുട്ടികള്‍ സ്‌നേഹം കൊണ്ട് പൂട്ടിയിട്ടത്. 28-കാരനായ ഭഗവാനെ അറുങ്കുളം ഗവ. ഹൈസ്‌കൂളിലേക്കാണ് പതിവു നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
സ്ഥലംമാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം കുട്ടികള്‍ അറിയിച്ചത് അധ്യാപകനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കാല്‍ക്കല്‍ വീണും അലറിക്കരഞ്ഞു കൊണ്ടുമായിരുന്നു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ പിന്തുണച്ചു. മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ കണ്ട വകുപ്പു ഉദ്യോഗസ്ഥരുടേയും മനസ്സിളകി. ഭഗവാന്റെ സ്ഥലംമാറ്റം തല്‍ക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണിപ്പോള്‍.
വെളിയാഗരം ഗവ. ഹൈസ്‌കൂളില്‍ തന്റെ ആദ്യ അധ്യാപക ജോലിയായിരുന്നെന്നും 2014ലാണ് ഇവിടെ നിയമിതനായതെന്നും ഭഗവാന്‍ പറഞ്ഞു. ഇവിടുത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നോക്കിയാല്‍ അധ്യാപകരുടെ എണ്ണം കൂടുതലാണ്. അതു കൊണ്ടാണ് ഭഗവാനെ തിരുത്താണിയിലെ മറ്റൊരു സ്്കൂളിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ നാലു ദിവസമായി വിദ്യാഭ്യാസ വകുപ്പ് നടത്തി വന്ന സ്‌കൂള്‍ അധ്യാപകരുടെ ട്രാന്‍സ്ഫര്‍ കൗണ്‍സിലിങില്‍ ഭഗവാനും പങ്കെടുത്തിരുന്നു. അറുങ്കുളം സ്‌കൂളിലേക്ക് സ്ഥലംമാറ്റം തേടുകയും ചെയ്തിരുന്നു. സ്‌കൂളില്‍ അധ്യാപകരുടെ എണ്ണം അധികമായാല്‍ ഏറ്റവും ജൂനിയറായ അധ്യാപകരെയാണ് സ്ഥലം മാറ്റുക. അങ്ങനെയാണ് ഭഗവാന് നറുക്കുവീണത്.
എന്നാല്‍ സ്ഥലംമാറ്റ വിവരം അറിഞ്ഞതോടെ സ്‌കൂളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഭഗവാന്‍ മാഷ് സ്‌കൂളില്‍ നിന്നു പോയാല്‍ അടുത്ത ദിവസം മുതല്‍ സ്‌കൂളിലേക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ സ്ഥലം മാറ്റ ഉത്തരവിനെതിരെ കുട്ടികള്‍ കൂട്ടപ്രതിഷേധം നടത്തുകയും ചെയ്തു.
'കുട്ടികളെല്ലാം കരഞ്ഞ് ഓടിയെത്തി എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്തു. എന്റെ കാലുകള്‍ പിടിച്ച് പോകരുതെന്ന് കരഞ്ഞു. ഇതൊക്കെ കണ്ടതോടെ നിയന്ത്രണം വിട്ട് ഞാനും കരഞ്ഞു പോയി. എല്ലാവരേയും ഹാളിലേക്ക് വിളിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്താമെന്നു പറഞ്ഞു അവരെ സമാധാനിപ്പിച്ചു,' ഭഗവാന്‍ പറയുന്നു.
പല അധ്യാപകരും നേരത്തെ സ്ഥലംമാറി പോയിട്ടുണ്ടെങ്കിലും ഭഗവാന്‍ മാഷ പോകുന്നതിലുള്ളത്ര വിഷമം ആര്‍ക്കും ഉണ്ടായിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുമായി സ്വന്തം രക്ഷിതാക്കളെ പോലുള്ള അടുത്ത ബന്ധമായിരുന്നു ഭഗവാനുള്ളത് പ്രധാനാധ്യാപകന്‍ എ അരവിന്ദ് പറയുന്നു.
കുട്ടികളുമായി കൂടുതലായി ഇടപഴകുകയും പഠനകാര്യങ്ങള്‍ക്കപ്പുറത്തേക്ക് അവരുമായി ആശയവിനിമയം ചെയ്യാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് ഭഗവാന്‍ പറയുന്നു. 'അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തും വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ഭാവിയെ കുറിച്ച് സംസാരിച്ചും പ്രൊജക്ടര്‍ ഉപയോഗിച്ച് പുതിയ കാര്യങ്ങള്‍ പകര്‍ന്നു കൊടുത്തും എപ്പോഴും കൂടെ നില്‍ക്കുന്നയാളാണ് താന്‍. ഇതൊക്കെ കാരണമാകാം കുട്ടികള്‍ എന്നോട് ശരിക്കുമൊരു അടുപ്പം ഉണ്ടാക്കിയെടുത്തത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു സുഹൃത്തിനെ അല്ലെങ്കില്‍ സഹോദരനെ പോലെയാണ് പെരുമാറിയിട്ടുള്ളത്,' ഭഗവാന്‍ പറയുന്നു.