Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ മൂന്നു ലക്ഷത്തിന് വാങ്ങിയത് പരിചയക്കാരിയിൽനിന്ന്, തന്നത് പൂർണ്ണസമ്മതത്തോടെ

തിരുവനന്തപുരം- തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വർഷങ്ങളായി പരിചയമുള്ള സ്ത്രീയിൽനിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന തനിക്ക് വളർത്താൻ വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയത്. സ്നേഹബന്ധത്തിന്റെ പേരിലാണ് കുട്ടിയെ തരാൻ അമ്മ സമ്മതിച്ചതെന്നും കരമന സ്വദേശിനി പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നും കരമന സ്വദേശിയായ യുവതി പറഞ്ഞു. പലപ്പോഴായി മൂന്ന് ലക്ഷം രൂപ നൽകിയെന്നും അവർ വെളിപ്പെടുത്തി. അതേസമയം, തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയെങ്കിലും യാഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനായില്ല. മൂന്ന് ലക്ഷം രൂപ നൽകി നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന വാർത്ത ഇന്നലെ ഉച്ചയോടെയാണ് പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽനിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. 

വർഷങ്ങളായി കുട്ടികളില്ലാത്തതിനാൽ അമ്മതൊട്ടിലിൽ നിന്ന് കുഞ്ഞിനെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ വീട് വേണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കാനായില്ല. അങ്ങനെയുള്ളപ്പോഴാണ് പരിചയത്തിലുള്ള യുവതിയെ സമീപിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്ത് വച്ചാണ് കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ പരിചയപ്പെടുന്നത്. ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വിൽപ്പന നടത്താൻ വരുന്ന സ്ത്രീ ആയിരുന്നു അവർ. കുട്ടികളില്ലാത്ത വിഷമം അവരോട് പറഞ്ഞിരുന്നു. കുഞ്ഞിനെ നൽകാനായി ഗർഭം ധരിക്കാൻ തയ്യാറാണെന്ന് അവർ പറയുകയും ചെയ്തിരുന്നു. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവസമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്തുവെച്ച് കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം അവരുടെ ഭർത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നൽകിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം ആവശ്യപ്പെട്ടത്. ആശുപത്രിക്ക് പുറത്തുവച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത് - യുവതി പറയുന്നു. 
കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോലീസ് ചോദ്യം ചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു.
തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി.
 

Latest News