തിരുവനന്തപുരം- പൂജപ്പുര ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ തടവുകാരന്റെ വിഫലശ്രമം. ഒരു ബ്ലോക്കിന്റെ മതില്‍ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കില്‍. അബദ്ധം മനസ്സിലായതോടെ മതില്‍ ചാടി പഴയബ്ലോക്കിലെത്തി. ഏഴടി പൊക്കമുള്ള മതില്‍ ചാടിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ബ്ലോക്കുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന മതിലാണ് ഇയാള്‍ ചാടിയത്. ഇയാളെ കാണാതായതോടെ വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങി. ഇവരാണ് ഇയാളെ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത, മോഷണക്കേസില്‍ പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കുറച്ചുദിവസങ്ങളായി ജയിലിലുള്ള ഇയാള്‍, അവധി ദിവസത്തില്‍ ടി.വി. കാണാന്‍ നല്‍കിയ ഇളവ് മുതലെടുത്താണ് ജയില്‍ ചാടാന്‍ തീരുമാനിച്ചത്.
അബദ്ധം മനസ്സിലായ പ്രതി സ്വയം തിരിച്ച് മതില്‍ ചാടുകയായിരുന്നു. മൂത്രമൊഴിക്കാന്‍ പോയതെന്നായിരുന്നു ആദ്യം ജയില്‍ വാര്‍ഡന്മാരോട് പറഞ്ഞത്. എന്നാല്‍, ജയില്‍ ചാടാന്‍ നടത്തിയ വിഫലശ്രമമാണെന്ന് മനസ്സിലാക്കിയതോടെ ഇയാളെ അതീവ സുരക്ഷയുള്ള ബ്ലോക്കിലേക്ക് മാറ്റി.