ഖമീസ് മുഷൈത്ത്- സൗദി അറേബ്യയിലെ രണ്ട് പതിറ്റാണ്ട് പ്രവാസം ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തിയാക്കിയെങ്കിലും ജാഫര്‍ അയ്യന്‍ചോലക്ക് ഇപ്പോഴും ഒരു ആഗ്രഹം ബാക്കിയാണ്. തനിക്കു മുന്നേ പ്രവാസം തെരഞ്ഞെടുത്ത് പോറ്റുമണ്ണില്‍തന്നെ അലിഞ്ഞുചേര്‍ന്ന ഉപ്പയുടെ ഖബറിടം കണ്ടെത്തി കരളുരുകി പ്രാര്‍ഥിക്കണം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണെങ്കിലും ഒരിക്കല്‍ കൂടി ഉപ്പയുടെ ഖബര്‍ തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് ഈ വാഴക്കാട് സ്വദേശി. അല്‍ ഹസയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ റിയാസിനേയും കൂട്ടി ഉപ്പയുടെ മൃതദഹേം ഖബറടക്കിയ അല്‍ ജൗഫിലേക്ക് പോകുമെന്ന് ജാഫര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
ഉപ്പയുടെ അന്നത്തെ സുഹൃത്തുക്കളൊ മരണാനന്തര നിയമ നടപടികളുമായും ചടങ്ങുമായും ബന്ധപ്പെട്ടിരുന്ന ആരെങ്കിലുമൊ ഇന്നുണ്ടെങ്കില്‍ അവര്‍ക്ക് സഹായിക്കാനാകുമെന്നാണ് ജാഫറിന്റെ പ്രതീക്ഷ. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരെ അപരിചിതമായൊരിടത്ത് ഉപ്പയെ തിരിച്ചറിയുന്ന ഒരാളെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസമാണ് വീണ്ടും കരുത്താകുന്നത്. ഖമീസ് മുഷൈത്തിനടുത്ത് തന്ദഹയിലെ ഒരു സ്ഥാപനത്തില്‍ ലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയാണ് ജാഫര്‍ ഇപ്പോള്‍.
ഉപ്പ ആലിഹസ്സന്‍ ഒരിക്കല്‍ പോലും മണലാരണ്യത്തിലെ മരുപ്പച്ച സ്വപ്നം കണ്ടിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുകയാണ് ജാഫര്‍. ചുറ്റും സുഹൃത്തുക്കളടക്കം പലരും ഗള്‍ഫുകാരായി തിരിച്ചെത്തുമ്പോഴും സ്വന്തം നാടും കുടുംബവുമായി കഴിയുക എന്നത് തന്നെയായിരുന്നു ആലി ഹസ്സന്‍ എന്ന ആ നാട്ടിന്‍പുറത്തുകാരന്റെ സ്വപ്നം. അത് കൊണ്ട് തന്നെ വാഴക്കാട് ചെറുവായൂരിലെ തന്റെ പലചരക്ക് കടയും അതോടു ചേര്‍ന്നു തന്നെ ചായപ്പീടികയും നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്.
ഇതിനിടയില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ സഹധര്‍മിണി ഈ ലോകത്തുനിന്ന് യാത്രയായി. പിന്നീട് പുനര്‍വിവാഹം. രണ്ട് ആണ്‍കുട്ടികള്‍ കൂടി കൂട്ടായി എത്തി. കച്ചവടം സാമാന്യം മെച്ചപ്പെട്ട് മുന്നോട്ടു പോയി.
ഒരു ദിവസം രാവിലെ കട തുറക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയില്‍ അദ്ദേഹം തളര്‍ന്നു പോയി. ഓടിളക്കി കയറിയ കള്ളന്‍ ഭീമമായ തുകക്കുള്ള സാധനങ്ങളും തലേ ദിവസം കച്ചവടം ചെയ്ത പണവും കവര്‍ന്നു.
നഷ്ടങ്ങളെ തുടര്‍ന്നുണ്ടായ ബാധ്യത നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാക്കി. കടങ്ങള്‍ എത്ര കാലം കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്ന ആധിയില്‍ മറ്റൊരു തൊഴില്‍ തേടി വയനാട്ടിലേക്ക് യാത്രയായി. പല തൊഴിലും തേടിയെങ്കിലും കുരുമുളക് പറിക്കുന്ന ജോലിയാണ് ലഭിച്ചത്. ദിവസങ്ങള്‍ പോകപ്പോകെ ഈ തൊഴിലുകൊണ്ട് ഒരിക്കലും കടം തീര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടു.
പതിവ് ഗള്‍ഫ് യാത്രാ മോഹികളെപ്പോലെ അദ്ദേഹവും മുംബൈയ്ക്ക് വണ്ടി കയറി. അന്വേഷണങ്ങളും കാത്തിരിപ്പും പിന്നേയും നീണ്ടു. ഒടുവില്‍ പ്രമുഖ ഏജന്‍സിയുടെ സഹായത്താല്‍ 1992 നവംബര്‍ മാസം മുംബൈയില്‍നിന്ന് സൗദി അറേബ്യയിലെ അല്‍ ജൗഫിലേക്ക് വിമാനം കയറി.
കൃഷിയിടങ്ങളിലാണ് ജോലി ലഭിച്ചത്. ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പമുള്ള ജീവിതം പ്രതീക്ഷിച്ചതല്ലെങ്കിലും നാട്ടിലെ ബാധ്യതകള്‍ എല്ലാം സഹിക്കാന്‍ തന്നെ പ്രേരണയായി. നാട്ടുകാരും ബന്ധുക്കളുമൊക്കെ സൗദിയുടെ പല ഭാഗത്തുമുണ്ടെങ്കിലും ആരുമായും ബന്ധപ്പെടാനോ കാണാനോ കഴിഞ്ഞില്ല.
തണുപ്പിന്റെ ആരംഭഘട്ടത്തിലാണ് അല്‍ ജൗഫില്‍ എത്തുന്നത്. കാലാവസ്ഥ മാറി മറിഞ്ഞു. മഞ്ഞും മഴയും. ശാരീരിക പ്രയാസങ്ങളെ അതിജീവിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. ഒടുവില്‍ അസുഖബാധിതനായി
ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും 1993 ഏപ്രില്‍ 30ന്ന് മരണത്തിന് കീഴടങ്ങി. ഇക്കാലയളവില്‍ മൂന്നോ നാലോ കത്തുകള്‍ മാത്രമാണ് പിതാവിന്റെതായി നാട്ടിലേക്ക് വന്നത്. പ്രവാസ ജീവിതത്തിന്റെ ആറുമാസത്തിനിടെ ഒരു ഫോണ്‍ കോള്‍ പോലും വന്നതായി ഓര്‍ക്കുന്നില്ല.
മരണ വിവരമറിഞ്ഞ് ഉമ്മയുടെ സഹോദരങ്ങളായ വലിയ വീട്ടില്‍ അബ്ദു ദമാമില്‍ നിന്നും വലിയ വീട്ടില്‍ ബഷീര്‍ റിയാദില്‍നിന്നും വാപ്പയുടെ സഹോദരങ്ങളായ ബീരാന്‍ കുട്ടി, അബ്ദുറഹ്മാന്‍ എന്നിവരും അല്‍ ജൗഫില്‍ എത്തിയിരുന്നു. മരണം നടന്ന് പത്താംനാളായ മേയ് 10നാണ് ഉപ്പയുടെ മയ്യിത്ത് ഖബറടക്കാനായത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഇടപെടല്‍ ജാഫര്‍ ഓര്‍ക്കുന്നു.
ഉപ്പയുടെ മരണ ശേഷം സുഹൃത്തുക്കള്‍ സമാഹരിച്ചു നല്‍കിയ 63,000 രൂപയായിരുന്നു പിന്നീടുള്ള ഏക ആശ്വാസം. ആ പണം കൊണ്ട് പന്ത്രണ്ട് സെന്റ് സ്ഥലം വാങ്ങി. കുടുംബ സ്വത്തായി ഇരുപത് സെന്റ് സ്ഥലവും ചെറിയൊരു പുരയിടവും ഉണ്ടായിരുന്നു.
ജാഫറിന്റെ ആദ്യ പ്രവാസം 2001 ല്‍ കുവൈത്തിലേക്കായിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 2003 ഒക്ടോബറിലാണ് സൗദിയില്‍ ജോലിക്കായി എത്തുന്നത്. ഇവിടെ എത്തി നീണ്ട ഇരുപത് വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയ മോഹമാണ് ഉപ്പയുടെ ഖബര്‍ കാണുക എന്നതും സലാം പറയണമെന്നതും. അന്വേഷണങ്ങളില്‍ അക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആരേയും കണ്ടെത്താനായില്ല. ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ബന്ധുക്കളില്‍ ആര്‍ക്കും ഏത് മഖ്ബറയിലായിരുന്നു എന്നത് ഓര്‍മയില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)