Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ ആഘോഷം; സുഡാനില്‍  മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു 

ഖാര്‍തൂം-സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. പെരുന്നാള്‍  കണക്കിലെടുത്താണ് തീരുമാനം. യുഎന്‍, യുഎസും മറ്റ് രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ആര്‍എസ്എഫ് പറയുന്നു. അതേസമയം സൈന്യത്തില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരികയെന്ന് ആര്‍എസ്എഫ് അറിയിച്ചു. സുഡാനില്‍ നേരത്തെ രണ്ട് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല.
ആര്‍എസ്എഫുമായുള്ള ചര്‍ച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവന്‍ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ നിന്ന് വിശ്രമം നല്‍കുന്നതിനും സ്ഥിരമായ വെടിനിര്‍ത്തലിന് വഴിയൊരുക്കുന്നതിനുമുള്ള ആദ്യപടിയായിരിക്കണം ഈ വെടിനിര്‍ത്തലെന്ന് ഗുട്ടെറസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര സമ്മര്‍ദവും ശക്തമാകുമ്പോഴും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുമായി സൈന്യം പോരാട്ടം തുടര്‍ന്നിരുന്നു. സുഡാനില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനോടകം മരണസംഖ്യ മുന്നൂറ് കടന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതിനായിരത്തോളം ആളുകള്‍ പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു. ഞായറാഴ്ച വരെയെങ്കിലും വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അഭ്യര്‍ത്ഥിച്ചിരുന്നു.

Latest News