സൻആ- ലോകം ഈദുൽ ഫിത്വറിന്റെ ആഘോഷത്തിലേക്ക് നീങ്ങുന്നതിനിടെ യെമനിൽ തൊണ്ണൂറോളം പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് വ്യാഴാഴ്ചയാണ്. ധനസഹായ വിതരണത്തിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. സൻആ മധ്യത്തിലെ സ്‌കൂളിൽ ധനസഹായം വിതരണം ചെയ്യുന്നതിനിടെയാണ് ദുരന്തം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. സ്‌കൂൾ കേന്ദ്രീകരിച്ച് ധനസഹായം വിതരണം ചെയ്യുമെന്ന് ചില വ്യാപാരികൾ പ്രഖ്യാപിച്ചതോടെ ജനം ഒഴുകി എത്തുകയായിരുന്നു. ഓരോരുത്തർക്കും ഒമ്പത് അമേരിക്കൻ ഡോളറിന് തുല്യമായ യെമൻ സംഖ്യയാണ് വ്യാപാരികൾ വിതരണം ചെയ്തത്. ഇത് നേടിയെടുക്കാൻ നിർധനർ ഒഴുകിയെത്തി തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ധനസഹായ വിതരണത്തിനും ഒരുവിധ ക്രമീകരണങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തിയിരുന്നില്ല. സൻആയിലെ ബാബുൽയെമൻ ഡിസ്ട്രിക്ടിലാണ് ദുരന്തം. ദുരന്തത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മരിച്ചുകിടക്കുന്നതിന്റെയും പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് നീക്കം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു.
യെമനിൽ ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരിയാണ് സൻആ. 322 പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്കുകൾ ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ഈദുൽ ഫിത്‌റിന്റെ സന്തോഷാരവങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടിനെ നടുക്കിയ വൻദുരന്തം സൻആയിൽ പെയ്തിറങ്ങിയത്.ഒരു ദശകത്തിനിടെ യെമനിൽ തിക്കും തിരക്കും മൂലമുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ദുരത്തിന് കാരണമാകുന്ന നിലക്ക് ധനസഹായം വിതരണം ചെയ്തതിൽ ഉത്തരവാദികളെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടത്താൻ വിവിധ സുരക്ഷാ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഹൂത്തി പൊളിറ്റിക്കൽ മേധാവി മഹ്ദി അൽമശാത്ത് പറഞ്ഞു.
ദുരന്തവാർത്ത പുറത്തുവന്നതോടെ ഉറ്റവർക്കും ഉടയവർക്കും എന്താണ് പറ്റിയതെന്ന് അന്വേഷിച്ച് കുടുംബങ്ങൾ ആശുപത്രികളിൽ കുതിച്ചെത്തി. എന്നാൽ ഇക്കൂട്ടത്തിൽ പലരെയും സുരക്ഷാ വകുപ്പുകൾ ആശുപത്രികളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. മരണപ്പെട്ടവരെയും പരിക്കേറ്റ് ചികിത്സയിലുള്ളവരെയും മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിക്കുന്നതിനാലാണ് ബന്ധുക്കൾക്ക് ആശുപത്രികളിലേക്ക് പ്രവേശനം നിഷേധിച്ചത്. ആശുപത്രികളുടെ പ്രവേശന കവാടങ്ങളിൽ വൻ ജനക്കൂട്ടം ഒഴുകിയെത്തി തമ്പടിച്ചു. ദുരന്തം നടന്ന സ്‌കൂളിന് ചുറ്റും വൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരെ കണ്ടെത്താൻ ശ്രമിച്ച് സ്‌കൂൾ കോംപൗണ്ടിൽ പ്രവേശിക്കുന്നതിൽ നിന്നും ബന്ധുക്കളെ സുരക്ഷാ വകുപ്പുകൾ തടഞ്ഞു.
ധനസഹായ വിതരണത്തിനിടെ വെടിവെപ്പുണ്ടായതാണ് അനിയന്ത്രിതമായ തിക്കിനും തിരക്കിനും ഇടയാക്കിയതെന്ന് ചില ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടുങ്ങിയ സ്ഥലത്ത് ആയിരങ്ങൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഹൂത്തികൾക്കു കീഴിലെ ചാനൽ പുറത്തുവിട്ടു. പിന്നിലേക്ക് മടങ്ങൂ.....പിന്നിലേക്ക് മടങ്ങൂ എന്ന് തിക്കിലും തിരിക്കിലും പെട്ടവർ വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം.