കണ്ണൂർ - രാമരാജ്യത്തിലേക്ക് സ്വാഗതമെന്നബോർഡും റമദാൻ കാലത്ത് പള്ളികളിലേക്കും വീടുകളിലേക്കും മസാലക്കഞ്ഞി വിതരണം ചെയ്യുന്നതിനെ അവഹേളിക്കുന്ന സോഷ്യൽ മീഡിയ പ്രചാരണവും മതനിരപേക്ഷതയും മതസൗഹാർദ്ദവും തകർക്കുന്ന നടപടികളാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് 'രാമരാജ്യത്തിലേക്ക് സ്വാഗതം' എന്ന കമാനമാണ് സ്ഥാപിച്ചത്. ഗാന്ധിജിയുടെ രാമരാജ്യമല്ല ഗോഡ്സേയുടെ മതരാഷ്ട്ര നിർമിതിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. കാരണം ഗാന്ധിഘാതകരായ ആർ.എസ.്എസുകാരാണ് കമാനം സ്ഥാപിച്ചതിന്റെ പിന്നിൽ. ആദ്യകാലത്ത് തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. സി.എച്ച് കണാരന്റെ നേതൃത്വത്തിൽ നടന്ന സമരത്തിലൂടെ ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും ഉണ്ടായിരുന്ന വിലക്ക് മാറി. അതിനെ തുടർന്നാണ് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന അനാചാരം അവസാനിപ്പിക്കാൻ കഴിഞ്ഞത്. അക്കാലത്തെ ദുഷ്ടമനസ്സാണ് ആർ.എസ്.എസ് ഇപ്പോഴും തുടരുന്നത്. അതുകൊണ്ടാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ ഇക്കൂട്ടർ തുനിഞ്ഞത്. കമാനം സ്പോൺസർ ചെയ്ത സ്ഥാപനത്തിനുപോലും അതിന്റെ ഉള്ളടക്കം അംഗീകരിക്കാനാവാത്തതുകൊണ്ട് അവരുടെ ബാനർ പിന്നീട് നീക്കംചെയ്യുന്ന സ്ഥിതിയുണ്ടായത്- ജയരാജൻ പറഞ്ഞു.
റമദാൻ നാളുകളിൽ നോമ്പ് തുറ സമയത്ത് സ്വാദിഷ്ടമായ ഭക്ഷണം വിതരണം ചെയ്യുന്ന വ്യത്യസ്ത സംഘടനകളും സന്നദ്ധ പ്രവർത്തകരും നാട്ടിലുണ്ട്. അത്തരത്തിലാണ് മസാലക്കഞ്ഞി തലശ്ശേരിയിൽ ചില പള്ളികളിലും വീടുകളിലും വിതരണം ചെയ്തുവരുന്നത്. മസാലക്കഞ്ഞി രുചിച്ച ഒരാളുടെ സോഷ്യൽ മീഡിയ പ്രതികരണം 'നല്ല സ്വാദിഷ്ടമായ കഞ്ഞി' എന്നായിരുന്നു. എന്നാൽ അതിനെ വർഗീയകാഴ്ചപ്പാടോടെ സമീപിച്ചവരുമുണ്ട്. വർഷങ്ങളായി സി.പി.എം പ്രവർത്തകർ മുൻകൈയ്യെടുത്തുകൊണ്ടാണ് മസാല കഞ്ഞി നോമ്പ് തുറക്കുന്ന സമയത്ത് പള്ളികളിലും വീടുകളിലും വിതരണം ചെയ്തുവരുന്നത്. അയൽവാസിയുടെ പട്ടിണി അറിയാത്തവൻ എൻറെ സമുദായത്തിൽ പെട്ടവനല്ലെന്നാണ് പ്രവാചകൻ പറഞ്ഞത്. സമൂഹ നോമ്പ്തുറയും റമദാൻ കാലത്തെ ഭക്ഷ്യകിറ്റ് വിതരണവും ആ സന്ദേശമുയർത്തിപ്പിടിക്കാനാണ് നടത്തുന്നത്. ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷവേളയിൽ മാത്രമല്ല, കിറ്റ് വിതരണവും ഭക്ഷണവിതരണവും കേരളത്തിൽ നടക്കുന്നത്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതും ഒന്നിച്ചിരുന്ന് കഴിക്കുന്നതും മതസാഹോദര്യം എന്ന സന്ദേശം നൽകാൻ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം പ്രവർത്തനങ്ങളോടൊപ്പം മഹാഭൂരിപക്ഷം മലയാളികളും അണിചേരുന്നതും. എന്നാൽ വർഗീയ തീവ്രവാദ സംഘടനകൾ ആഘോഷവേളയിൽപോലും സ്പർധയും കലാപവും സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്. അത് തിരിച്ചറിയാൻ ജാഗ്രതവേണമെന്നും എം.വി. ജയരാജൻ പറഞ്ഞു.