ന്യൂദല്‍ഹി- കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലത്തിനു കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പി.ഐ.ബി)യുടെ ഔദ്യോഗിക ചാനല്‍ യുട്യൂബ് ബ്ലോക്ക് ചെയ്തു. ഇതോടെ കേന്ദ്ര മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനങ്ങളും മറ്റു പരിപാടികളും ലൈവ് നല്‍കുന്നതിന് തടസ്സം നേരിട്ടിരിക്കുകയാണ്. ഇതിനു പുറമെ ചാനലില്‍ ഇതുവരെ അപ് ലോഡ് ചെയ്ത 3,500ഓളം വീഡിയോകള്‍ പ്ലേ ചെയ്യാനും കഴിയില്ല. ഈ വീഡിയോ ഇന്ത്യയില്‍ ലഭ്യമല്ല എന്ന സന്ദേശമാണ് കാണിക്കുന്നത്. ജൂണ്‍ 16 മുതലാണ് ചാനല്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. 2011-ല്‍ തുടങ്ങിയ സര്‍ക്കാരിന്റെ പിഐബി ചാനലിന് ഒന്നര ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ട്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യുട്യൂബ് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും പിഐബി വൃത്തങ്ങള്‍ അറിയിച്ചു.
യുട്യൂബിന്റെ കണ്ടന്റ് നയത്തിലെ മാറ്റങ്ങളെ തുടര്‍ന്ന് ചില ചാനലുകള്‍ ബ്ലോക്ക് ആയിട്ടുണ്ടെന്ന് യുട്യൂബ് വക്താവ് അറിയിച്ചു. പങ്കാളിത്ത കരാറുകള്‍ പുതുക്കിയതോടെയാണ് ഈ പ്രശ്‌നം ഉണ്ടായത്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും കമ്പനി വക്താവ് അറിയിച്ചു. അതേസമയം യുട്യൂബില്‍ നന്ന് ഔദ്യോഗികമായി മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് പിഐബി അറിയിച്ചു.