ഡെറാഡൂണ്‍- യോഗ മനോഹരമാണെന്നും പ്രതീക്ഷയുടെ കിരണങ്ങളാണ് അത് സമ്മാനിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം യോഗയിലുണ്ടെന്ന് നാലാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ നല്‍കിയ സന്ദശേത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. യോഗയില്‍ പാരമ്പര്യവും ആധുനികതയുമുണ്ട്. നമ്മുടെ മികച്ച പാരമ്പര്യവും വര്‍ത്തമാന കാലവും അത് ഉള്‍ക്കൊള്ളുന്നു.
ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പെട്ടെന്നു മാറുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള ബന്ധമുണ്ടാകുന്നത് യോഗ ചെയ്യുന്നതിലൂടെയാണ്. ഇതുവഴി സമാധാനത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുക- അദ്ദേഹം വിശദീകരിച്ചു.
ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രി മോഡി ഇത്തവണ യോഗാ ദിനാചരണത്തില്‍ പങ്കെടുത്തത്. മോഡിക്കൊപ്പം 50,000 പേരും യോഗ ചെയ്തു.
2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ദല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്.