പൂനെ- പൂനെയിലെ ഡിഎസ്‌കെ ഗ്രൂപ്പിന് തട്ടിപ്പിലൂടെ 3,000 കോടി രൂപയുടെ വായ്പ അനുവദിച്ച കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര പി. മറാഠെ അറസ്റ്റിലായി. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ് ദേശ്പാണ്ഡെ, മുന്‍ സിഎംഡി സുശീല്‍ മുഹ്നോത്ത് എന്നിവരും ഡിഎസ്‌കെ ഗ്രൂപ്പ് ഉദ്യോഗസ്ഥരായ സുനില്‍ ഘട്പാണ്ഡെ, രാജീവ് നെവാസ്‌കര്‍ എന്നിവരേയും ഈ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. 83 വര്‍ഷം പഴക്കമുള്ള പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നാണ്.
അധികാരം ദുരുപയോഗം ചെയ്ത് പൊളള കമ്പനികള്‍ക്ക് വന്‍തുകയുടെ വായ്പകള്‍ അനുവദിച്ചെന്നാണ് ബാങ്ക് മേധാവി രവീന്ദ്ര മറാഠെക്കെതിരായ കേസ്. വായ്പാ തട്ടിപ്പ് നടത്താന്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡിഎസ്‌കെ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ സഹായിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അഴിമതി തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
നാലായിരത്തിലേറെ നിക്ഷേപകരെ വഞ്ചിച്ച് 1,150 കോടി രൂപ കൈക്കലാക്കുകയും 2,900 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ വകമാറ്റുകയും ചെയ്ത കുറ്റത്തിന് ഫെബ്രുവരിയില്‍ ഡിഎസ്‌കെ ഗ്രൂപ്പ് മേധാവി ഡി എസ് കുല്‍ക്കര്‍ണിയേയും ഭാര്യ ഹേമന്തിയേയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍നടപടിയായി കഴിഞ്ഞ മാസം മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിഎസ്‌കെ ഗ്രൂപ്പിന്റെ 120 സ്വത്തുകള്‍ കണ്ടുകെട്ടുകയും 275 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.