Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി 132 വിദേശ വനിതകൾ

ജിദ്ദ - സൗദി കുടുംബങ്ങള്‍ ഹൗസ് ഡ്രൈവര്‍മാരായും ഗാര്‍ഡുമാരായും 132 വിദേശ വനിതകളെ റിക്രൂട്ട് ചെയ്തതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദീര്‍ഘ കാലം ഹൗസ് ഡ്രൈവര്‍, ഗാര്‍ഡ് പ്രൊഫഷനുകളില്‍ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ അനുവദിച്ചിരുന്നില്ല. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയതോടെയാണ് വിദേശ വനിതകളെ ഹൗസ് ഡ്രൈവര്‍, ഗൗര്‍ഡ് പ്രൊഫഷനുകളില്‍ റിക്രൂട്ട് ചെയ്യാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്.
അഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 49.3 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 36,02,039 ഗാര്‍ഹിക തൊഴിലാളികളുണ്ട്. ഇക്കൂട്ടത്തില്‍ 73 ശതമാനം പേര്‍ പുരുഷന്മാരും 27 ശതമാനം വനിതകളുമാണ്.
കൊറോണ മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്ന 2020, 2021 വര്‍ഷങ്ങളില്‍ ഒഴികെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 1.7 ശതമാനം മുതല്‍ 50 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി. 2017 ആദ്യ പാദത്തില്‍ രാജ്യത്ത് 24,12,673 ഗാര്‍ഹിക തൊഴിലാളികളാണുണ്ടായിരുന്നത്. 2018 ആദ്യ പാദത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ 24,54,742 ഉം 2019 ല്‍ 36,90,719 ഉം 2020 ല്‍ 36,63,939 ഉം 2021 ല്‍ 32,58,368 ഉം 2022 ല്‍ 36,02,039 ഉം ആയി ഉയര്‍ന്നു. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ശരാശരി 10.5 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.
ഗാര്‍ഹിക തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാരാണ്. ഈ ഗണത്തില്‍ പെട്ട 17,82,260 വിദേശികള്‍ രാജ്യത്തുണ്ട്. ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 49.5 ശതമാനവും ഹൗസ് ഡ്രൈവര്‍മാരാണ്. ഇക്കൂട്ടത്തില്‍ 17,82,141 പേര്‍ പുരുഷന്മാരും 119 പേര്‍ വനിതകളുമാണ്. ഗാര്‍ഹിക തൊഴിലാളികളില്‍ 48 ശതമാനം വേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. ഈ വിഭാഗത്തില്‍ പെട്ട 17,29,750 വിദേശികള്‍ രാജ്യത്ത് ജോലി ചെയ്യുന്നു. ഇക്കൂട്ടത്തില്‍ 7,68,692 പേര്‍ പുരുഷന്മാരും 9,61,058 പേര്‍ വനിതകളുമാണ്. ഹോം മാനേജര്‍മാരായി 2,489 പേരും പാചകക്കാരായി 61,521 പേരും ഗാര്‍ഡുമാരായി 16,477 പേരും വീടുകളിലെ തോട്ടം തൊഴിലാളികളായി 2,115 പേരും ടൈലര്‍മാരായി 1,208 പേരും ഹോം നഴ്‌സുമാരായി 1,675 പേരും ട്യൂഷന്‍ ടീച്ചര്‍മാരും ആയമാരുമായും 4,544 പേരും ജോലി ചെയ്യുന്നു. ഗാര്‍ഡുമാരില്‍ 13 പേര്‍ വനിതകളാണ്. ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 26,30,027 പേര്‍ പുരുഷന്മാരും 9,72,012 പേര്‍ വനിതകളുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News