Sorry, you need to enable JavaScript to visit this website.

താലിബാന്‍ 30 അഫ്ഗാന്‍ സൈനികരെ കൊലപ്പെടുത്തി

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ രണ്ട് ചെക്ക്‌പോസ്റ്റുകള്‍ ആക്രമിച്ച താലിബാന്‍ 30 സൈനികരെ കൊലപ്പെടുത്തി.  പടിഞ്ഞാറന്‍ ബദ്ഗിസ് പ്രവിശ്യയിലാണ് സംഭവം. ബാല മുര്‍ഗബ് ഡിസ്ട്രിക്ടില്‍ ആദ്യം ചെക്ക്‌പോസ്റ്റുകള്‍ ആക്രമിച്ച താലിബാന്‍ തീവ്രവാദികള്‍ പിന്നീട് അവിടെ എത്തിയ സൈനികര്‍ക്കുനേരേയും നിറയൊഴിച്ചുവെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് അബ്ദുല്‍ അസീസ് ബേഗ് പറഞ്ഞു. ഇവിടെ ഒരു സൈനിക താവളം താലിബന്‍ കയ്യടക്കുകയും ചെയ്തു.
പലകോണുകളില്‍നിന്നായി സൈനിക പോസ്റ്റുകള്‍ ആക്രമിച്ച താലിബന്‍ തീവ്രവാദികള്‍ വളരെ ക്രൂരമായാണ് അവരെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ആക്രമണം ബുധനാഴ്ച രാവിലേയും തുടര്‍ന്നു. താലിബാന്‍കാരുടെ ഭാഗത്തും ആള്‍നാശമുണ്ടെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് പറഞ്ഞു.
ഇതേപ്രവിശ്യയില്‍ പ്രാദേശിക പോലീസ് ചെക്ക് പോയിന്റില്‍ താലിബാന്‍  തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അയല്‍ പ്രവിശ്യയായ ഫറാഹില്‍ താലിബാന്‍കാര്‍ നാല് പോലീസുകാരെ കൊലപ്പെടുത്തിയതായി പ്രവിശ്യാ പോലീസ് വക്താവ് മുഹിബുല്ലാ മുഹിബ് പറഞ്ഞു. ആക്രമണത്തില്‍ മറ്റ് അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഫറാഹ്-ഹിറാത് പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഹൈവേയിലായിരുന്നു ആക്രമണം.
അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 20 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈദുല്‍ ഫിതറിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ച താലിബാന്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ചിരുന്നു. സൈന്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് അറിയിച്ചശേഷം താലിബാന്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.

 

Latest News