മുംബൈ-മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ തള്ളി ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും, അദാനിയുടേത് സൗഹൃദസന്ദര്‍ശനമായിരുന്നുവെന്നും എന്‍സിപി നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം കൂടിക്കാഴ്ചയിലൂടെ അദാനി വിഷയത്തില്‍ എന്‍സിപി പ്രതിപക്ഷത്തിനൊപ്പമില്ലെന്ന വ്യക്തമായ സൂചനയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അദാനിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.എന്നാല്‍ അദാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും, ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പിനെ തകര്‍ക്കാനുമുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ടെന്നുമാണ് ശരദ് പവാര്‍ പ്രതികരിച്ചിരുന്നത്. അദാനി വിഷയത്തില്‍ ജെപിസി വേണമെന്ന പ്രതിപക്ഷ നിലപാടിനോടും ശരദ് പവാര്‍ യോജിച്ചിരുന്നില്ല.