കൊല്ലം - സുപ്രിംകോടതിയുടെ അനുമതിയെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ കൊല്ലം അൻവാറശ്ശേരിയിൽ എത്തി പരിശോധന നടത്തി. ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അൻവാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. മഅ്ദനി താമസിക്കുന്ന എറണാകുളത്തെ വീടും സംഘം സന്ദർശിക്കുമെന്ന് പോലീസ് പ്രതികരിച്ചു.
'ആളുകൾ എങ്ങനെ ജീവിക്കും, ഉടൻ റിപ്പോർട്ട് വേണം'; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ ഇടപെട്ട് ഹൈക്കോടതി
കൊച്ചി - ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട പ്രശ്‌നത്തിൽ ഇടപെട്ട് കേരള ഹൈക്കോടതി. സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെയാണ് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ കഴിയുന്നതെന്ന് കോടതി ചോദിച്ചു. അതിനാൽ, ഇക്കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്ന് നിർദേശിച്ച കോടതി, സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി.
അക്കൗണ്ടുകൾ ഫ്രീസ് ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം ചോദിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഇരകളായ ആറു പേർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ പേർക്കാണ് തങ്ങളുടെ സേവനങ്ങൾക്കുള്ള തുകയായി അക്കൗണ്ടിലേക്ക് പണം അയച്ച ആളുകളുടെ ക്രിമിനൽ പശ്ചാത്തലവും മറ്റും ആരോപിച്ച് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇതിന് പുറമെ ബാങ്ക്, പോലീസ്, മാഫിയാ ഇടപെടലുകളെ തുടർന്ന് വ്യക്തിപരമായ ഒത്തുതീർപ്പുകളും നടന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടി. തങ്ങളുടെ ബാങ്ക് അക്കൗണ്ടിന് യാതൊരു സുരക്ഷയും ഇല്ലാതെ ഏത് നിമിഷവും മരവിപ്പിക്കപ്പെടാമെന്ന് വന്നതോടെ ഒട്ടേറെ പേർ ബാങ്ക് അക്കൗണ്ടിൽനിന്ന് സ്വമേധയാ പണം പിൻവലിച്ച് സൂരക്ഷ ഉറപ്പാക്കാനും നിർബന്ധിതരായിരുന്നു. പ്രശ്‌നത്തിൽ ഭരണകൂടമോ പ്രതിപക്ഷമോ യഥാസമയം കാര്യമായ ഇടപെടലുകൾ നടത്താത്തതും ഉപയോക്താക്കളുടെ പ്രയാസം വർധിപ്പിച്ചതായാണ് വിലയുരുത്തൽ.