ജയ്പുര്‍-യുട്യൂബ് വ്ളോഗറായ കൊറിയന്‍ യുവതിയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുരില്‍ വച്ച് വ്‌ളോഗിന്റെ ചിത്രീകരണം നടത്തുന്നതിനിടെയാണ് യുവതിയ്ക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി പുറത്തുവിട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ജോധ്പുരിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി വ്‌ളോഗ് ചിത്രീകരിക്കുന്നതിനിടെ യുവാവ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തി. ഈ അതിക്രമങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ യുവതി എടുത്ത വീഡിയോയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം യുവതി ഈ വീഡിയോ പുറത്തുവിട്ടതോടെയാണ് പുറംലോകം ഈ കാര്യം അറിഞ്ഞത്. തുടര്‍ന്ന് നിരവധി പേരാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ദല്‍ഹി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ കൊറിയന്‍ വ്‌ളോഗറുടെ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചത്.
ജോധ്പൂരില്‍ വച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന വിവരം കെറിയാന്‍ വ്‌ളോഗര്‍ പങ്കുവച്ചിരുന്നത് ശ്രദ്ധയില്‍പെട്ടെന്നും വിവരങ്ങള്‍ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും ജോധ്പുര്‍ ഈസ്റ്റ് ഡി സി പി. അമൃത ദുഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.