മന്ത്രി കല്‍പിച്ചു, മധ്യപ്രദേശിലെ ചരിത്ര പ്രസിദ്ധമായ  ക്ഷേത്രത്തിലെ മുസ്‌ലിം ജീവനക്കാരെ ഒഴിവാക്കി 

ഭോപാല്‍- മാ ശാരദ (ശാരദ ദേവി) ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ ചരിത്ര പ്രാധാന്യമുള്ള നാടാണ് മധ്യപ്രദേശിലെ മയിഹര്‍. സരോദ് സംഗീതജ്ഞനായ ബാബ അലവുദ്ദീന്‍ ഖാന്റെ സംഗീതവുമായി ഏറെ ബന്ധമുള്ള ഈ ക്ഷേത്രം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു സമന്വയം ആയിരുന്നു. എന്നാല്‍ ആ ചരിത്രം തിരുത്തുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.
ക്ഷേത്രത്തിലെ ഭരണമിതിക്ക് കീഴില്‍ മുസ്‌ലിം  ജീവനക്കാര്‍ ഇനി മുതല്‍ വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന ന്യൂനപക്ഷ മതട്രസ്റ്റ് ആന്റ് എന്‍ഡവ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി പുഷ്പ കലേഷ് ആണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. ജനുവരി 17ന് ഇറക്കിയ ഉത്തരവ് അനുസരിക്കണമെന്നും അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കാണിച്ച് ക്ഷേത്ര ഭരണസമിതിക്ക് നോട്ടീസ് നല്‍കി
ക്ഷേത്രത്തിലെ രണ്ട് മുസ്‌ലിം  ജീവനക്കാരുടെ ജോലി ഇതോടെ അവസാനിക്കുകയാണ്. 1988 മുതല്‍ ജോലി ചെയ്തുവന്നിരുന്നവരാണ് ഇവര്‍. മതത്തിന്റെ പേരില്‍ ഒരു ജീവനക്കാരനെയും നീക്കം ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ഈ പുതിയ നടപടി
മയിഹാറില്‍ മദ്യവും ഇറച്ചിയും വില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും സാംസ്‌കാരിക മതകാര്യ ട്രസ്റ്റ്മന്ത്രി  ഉഷ സിംഗ് താക്കൂറുമായി ജനുവരിയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ചട്ടങ്ങള്‍ പാലിക്കുമെന്നാണ് ക്ഷേത്രം ഭരണസമിതി മേധാവി കൂടിയായ ജില്ലാ കലക്ടര്‍ പറയുന്നത്. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. രണ്ട് ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമായി ഇതിനെ ചുരുക്കാന്‍ കഴിയില്ലെന്നും മയിഹാറിന്റെ ചരിത്രം പൊളിച്ചെഴുതുന്നതാണിതെന്നും ഇതിന്റെ ആഘാതം എത്രമാത്രമായിരിക്കുമെന്ന് പിന്നീട് വ്യക്തമാകുമെന്നും വിമര്‍ശകര്‍ പറയുന്നൂ. 
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു ബാബ അലവുദ്ദീന്‍ ഖാന്‍. പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് നിഖില്‍ ബാനര്‍ജി, മകള്‍ അന്നപൂര്‍ണ്ണ ദേവി, മകന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. മയിഹാര്‍ മഹാരാജാവിന്റെ സദസ്സിലെ സംഗീതജ്ഞനായിരുന്ന അലവുദ്ദീന്‍ ഖാന്‍, നിരവധി ക്ലാസിക്കല്‍ രാഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട് നിറയെ കാളി ദേവി, ശ്രീകൃഷ്ണന്‍, യേശു ക്രിസ്തു എന്നിവരുടെ ചിത്രങ്ങളാണെന്ന് പണ്ഡിറ്റ് രവി ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു മയിഹാറില്‍ ഇപ്പോഴൂം ആ വീട് നിലനില്‍ക്കുന്നുണ്ട്. മാ ശാരദ ക്ഷേത്രത്തില്‍ 1,603 പടിക്കെട്ടുകള്‍ കയറി ദിവസവും അലവുദ്ദീന്‍ ഖാന്‍ എത്തിയിരുന്നുവെന്നും ദേവിക്കു മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. എ.ഡി 502ല്‍ സ്ഥാപിതമായതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടകരെത്താറുണ്ട്‌
 

Latest News