- തിരക്ക് നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവെച്ചത് വൈദ്യതി ലൈനിൽ തട്ടിയുണ്ടായ സ്‌ഫോടനത്തിൽ ജനം ചിതറി ഓടിയാണ് ദുരന്തമുണ്ടായത്
സന - ലോകം ഈദുൽ ഫിത്വ്‌റിനെ വരവേൽക്കാനിരിക്കെ, അഭ്യന്തര സംഘർഷങ്ങളാലും യുദ്ധക്കെടുതിയാലും വലയുന്ന യെമനിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 മരണം, 322 പേർക്ക് പരിക്കേറ്റു.
രാജ്യ തലസ്ഥാനമായ സനയിലെ ബാബ് അൽയെമനിൽ ബുധനാഴ്ച വൈകീട്ട് നടന്ന ഭക്ഷണ-ധനസഹായ വിതരണ പരിപാടിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പെടുന്നു.
ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് സഹായം വിതരണം ചെയ്തത്. സഹായം സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് ഒഴുകി എത്തിയത്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യേഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹൂതി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവച്ച ബുള്ളറ്റ് വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ദുരന്തത്തിന്് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു. സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി ഹൂതി രാഷ്ട്രീയ മേധാവി മഹ്ദി അൽ മഷാത്ത് പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ ആഭ്യന്തര സംഘർഷത്തിൽ ഇതിനകം സിവിലിയന്മാർ ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം പേർ മരിച്ചിട്ടുണ്ട്.