കണ്ണൂര്‍ - കണ്ണൂരിലെ മുസ്‌ലീം വിവാഹങ്ങളില്‍ സ്ത്രീകളെ അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഭക്ഷണം നല്‍കുന്നതെന്ന നടി നിഖില വിമലിന്റെ പരാമര്‍ശം എതിര്‍ത്തും അനുകൂലിച്ചുമുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. നിഖിലയുടെ പരാമര്‍ശത്തിനെതിരെ ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെ വിവേചനമായി കാണേണ്ടതില്ലെന്നാണ് ഫാത്തിമ തഹ്‌ലിയയുടെ മറുപടി.
ഫാത്തിമ തഹ്‌ലിയയുടെ മറുപടി
' ഇത്തരം രീതികള്‍ എല്ലായിടത്തും നിലവിലുണ്ട്. നിഖില സംസാരിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ്. സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേര്‍തിരിവാണ്. വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്. സൗകര്യത്തിന് അനുസരിച്ചായിരിക്കും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നല്‍കുന്നത്. മലബാറില്‍ മാത്രമാണ് ഇത്തരം വേര്‍തിരിവ് നടക്കുന്നതെന്നാണ് നിഖിലയുടെ പരാമര്‍ശം. അത് തെറ്റാണ്. കൂടിച്ചേരലുകള്‍ ഒഴിവാക്കുന്ന രീതി തന്നെ മുസ്ലിം വിശ്വാസത്തിനിടയിലുണ്ട്. കേരളത്തിന് അകത്തും പുറത്തും ഈ രീതി നിലവിലുണ്ട്.