റിയാദ്- ശനിയാഴ്ചയായിരിക്കും ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ എന്ന് പ്രവചിക്കുന്നവര്‍ ഗോളശാസ്ത്രജ്ഞരോ അക്കാദമി വിദഗ്ധരോ അല്ലെന്നും വിവാദങ്ങളുണ്ടാക്കി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരാണെന്നും പ്രമുഖ സൗദി ഗോളശാസ്ത്രജ്ഞന് അബ്ദുല്ല അല്‍ഖുദൈരി. വെള്ളിയാഴ്ചയാണ് ഈദുല്‍ഫിത്വര്‍. ആകാശം മേഘാവൃതമല്ലെങ്കില്‍ തീര്‍ച്ചയായും മാസപ്പിറവി ദൃശ്യമാകും. സ്വയം പ്രഖ്യാപിത ഗോള ശാസ്ത്രജ്ഞരായ ചിലര്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാണെന്ന് പ്രവചിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ മാസപ്പിറവി കാണില്ലെന്നും അവര്‍ പറയുന്നു. അവരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല. 13 അറബ് രാജ്യങ്ങളിലെ ഗോളശാസ്ത്ര വിദഗ്ധര്‍ വ്യാഴാഴ്ച മാസപ്പിറവി കാണില്ലെന്ന് സംയുക്ത പ്രസ്താവനയിറക്കിയതിനെ തുടര്‍ന്നാണ് ഖുദൈരിയുടെ പ്രസ്താവന.
നിരവധി ഗോളശാസ്ത്ര പണ്ഡിതരുടെ മേല്‍നോട്ടത്തിലാണ് ഹോത്ത സുദൈറിലെ മജ്മ യൂണിവേഴ്സിറ്റി ഗോളശാസ്ത്ര നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈദുല്‍ഫിത്വറിന്റെ ആരംഭം സംബന്ധിച്ച് നിരീക്ഷണകേന്ദ്രത്തില്‍ അഭിപ്രായവ്യത്യാസമില്ല. സൗദിയുടെ ചില ഭാഗങ്ങളില്‍ 24 മുതല്‍ 26 വരെ മിനുട്ട് ചന്ദ്രന്റെ സാന്നിധ്യമുണ്ടാകും. ചിലയിടങ്ങളില്‍ 22 മിനുട്ടും കാണും. സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് ചന്ദ്രന്റെ സാന്നിധ്യമുണ്ടാകും. മക്കയില്‍ 7.12 വരെ ചന്ദ്രന് ആകാശത്തുണ്ടാകും. അതിനാല്‍ കാലാവസ്ഥ വ്യതിയാനമില്ലെങ്കില്‍ മാസപ്പിറവി ദൃശ്യമാകും.
മാസപ്പിറവി വിഷയത്തില്‍ ചില തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും ഖുദൈരി പറഞ്ഞു. ബംഗ്ലാദേശില്‍ 43 മിനുട്ടും ഹൈദരാബാദില്‍ 44 മിനുട്ടും ചന്ദ്രന് ആകാശത്ത് ദൃശ്യമായിട്ടും വെള്ളിയാഴ്ച വ്രതമനുഷ്ഠിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഗോള ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് വ്യാഴാഴ്ച മാസപ്പിറവിയുണ്ടാകില്ലെന്നാണ് 13 ഗോള ശാസ്ത്ര വിദഗ്ധരുടെ സംയുക്ത പ്രസ്താവന. നഗ്ന നേത്രങ്ങള്‍, ടെലിസ്കോപ്പ് എന്നിവ കൊണ്ട് മാസപ്പിറവി ദൃശ്യമാകില്ല. വ്യാഴാഴ്ച ജക്കാര്‍ത്തയില്‍ 2.7 ഡിഗ്രിയും അബുദാബിയില്‍ 4.7 ഡിഗ്രിയും മക്കയില്‍ 5.1 ഡിഗ്രിയും കൈറോയില്‍ 5.5 ഡിഗ്രിയും ദാകാറില്‍ 8 ഡിഗ്രിയും ചന്ദ്രനും സൂര്യനും തമ്മില്‍ ദൂരമുണ്ടാകും. അതിനാല്‍ ഉപകരണങ്ങള്‍ വഴി ചന്ദ്രനെ കാണാം. മാസപ്പിറവി കാണല്‍ നിര്‍ബന്ധമില്ലാത്തവര്‍ക്കും ലോകത്തെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ അതു മതിയെന്ന് പറയുന്നവര്‍ക്കും വെളളിയാഴ്ച ഈദുല്‍ഫിത്വര്‍ ആയിരിക്കും. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ടെലിസ്കോപ്പ് വഴിയോ മാസപ്പിറവി ദൃശ്യമാകണമെന്ന നിബന്ധന അംഗീകരിക്കുന്നവര്‍ക്ക് റമദാന് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാം. ഗോളശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു.