Sorry, you need to enable JavaScript to visit this website.

ഖത്തര്‍ രാജകുടുംബത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലയാളി അറസ്റ്റില്‍

ഖത്തര്‍ മ്യൂസിയം അധികൃതരെ കബളിപ്പിച്ച് അഞ്ച് കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സുനില്‍ മേനോന്‍.

തൃശൂര്‍- ഖത്തര്‍ ഷെയ്ഖിന്റെ പൂര്‍ണകായ ചിത്രം ലോകത്തെ വിഖ്യാത ചിത്രകാരന്മാരെക്കൊണ്ട് വരച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരത്ത് താമസിക്കുന്ന മുളയ്ക്കല്‍ സുനില്‍ മേനോനെ (47)യാണ് കൊടുങ്ങല്ലൂര്‍ സി.ഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ തുകല്‍ മാറ്റില്‍ ഗോള്‍ഡ്, കോപ്പര്‍ ഫ്രെയിമുകളില്‍ ലോക പ്രശസ്തരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചു നല്‍കാമെന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഇമെയില്‍ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
ഖത്തറിലെ ഒരു കമ്പനിയില്‍ ഓഡിറ്ററായി ജോലിചെയ്തിരുന്ന സുനില്‍ മേനോന്‍ ജോലിയില്‍നിന്ന് പിരിഞ്ഞശേഷം ഓണ്‍ലൈന്‍ ബിസിനസുകള്‍ നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് ഖത്തര്‍ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കള്‍ നല്‍കാന്‍ പുരാവസ്തുക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ സി.ഡികള്‍ മ്യൂസിയത്തിന് സമര്‍പ്പിച്ചത്. മ്യൂസിയം അധികൃതര്‍ ഇതില്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനി എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കി ഷെയ്ഖിന്റെ ചിത്രങ്ങള്‍ വരച്ചുനല്‍കാമെന്ന കരാര്‍ മ്യൂസിയം ചെയര്‍പേഴ്‌സന്റെ വ്യാജ ഇമെയില്‍ അഡ്രസിലൂടെ ഇയാള്‍ മ്യൂസിയം അധികൃതര്‍ക്ക് നല്‍കി. 10 കോടി 10 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍.
രാജകുടുംബത്തിന്റെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതര്‍ അഡ്വാന്‍സ് തുകയായി അഞ്ചുകോടി അഞ്ചു ലക്ഷം രൂപ സുനില്‍ മേനോന്റെ പേരില്‍ കൊടുങ്ങല്ലൂരിലെ എസ്.ബി.ഐ ശാഖയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് മ്യൂസിയം അധികൃതര്‍ ഖത്തറില്‍നിന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവുമുണ്ടായില്ല. തുടര്‍ന്ന് ഖത്തര്‍ മ്യൂസിയം ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷെഫീക്ക് കേരള പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
എസ്.ഐ എസ്. വിനോദ് കുമാര്‍, എ.എസ്.ഐ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒമാരായ സജ്ജയന്‍, സുനില്‍, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഷിബു, സി.പി.ഒമാരായ ഗോപന്‍, ഇ.എസ്. ജീവന്‍, മനോജ്, സുജിത്ത്, ജിതിന്‍ ജോയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

 

Latest News