Sorry, you need to enable JavaScript to visit this website.

പുല്‍വാമ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍

ന്യൂദല്‍ഹി- നരേന്ദ്ര മോഡിയേയും രാജ്‌നാഥ് സിംഗിനേയും ബി. ജെ. പിയേയും വെട്ടിലാക്കി പുല്‍വാമയിലെ സൈനികരുടെ കുടുംബങ്ങള്‍ രംഗത്ത്. പുല്‍വാമ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ചില സൈനികരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പറുമായി സംസാരിക്കവെ ബി. ജെ. പി നേതാവു കൂടിയായ സത്യപാല്‍ മാലിക്കാണ് പുല്‍വാമ ആക്രമണത്തെ ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള രാഷ്ട്രീയ നാടകമാക്കി മാറ്റിയതെന്ന് വെളിപ്പെടുത്തിയത്. 

സത്യപാല്‍ മാലിക്കിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ദി വയര്‍ തന്നെയാണ് സൈനികരുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട വിവരവും റിപ്പോര്‍ട്ട് ചെയ്തത്. 2019 ഫെബ്രുവരി 14ലെ നിര്‍ഭാഗ്യകരമായ ആ ദിവസം മുതല്‍ നിരവധി ചോദ്യങ്ങള്‍ തന്നെ അലട്ടിയിരുന്നതായി പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാളായ ഭഗീരഥന്റെ പിതാവ് പരശുറാം ദ വയറിനോട് പറഞ്ഞു. പുല്‍വാമ ആക്രമണം സര്‍ക്കാര്‍ സംഘടിപ്പിച്ച പൊളിറ്റിക്കല്‍ സ്റ്റണ്ടാണെന്ന തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറാന്‍ വേണ്ടിയാണ് മോഡി സര്‍ക്കാര്‍ ഇത് ചെയ്തതെന്ന് തനിക്ക് പൂര്‍ണമായും ഉറപ്പുണ്ട് എന്നും പരശുറാം പറഞ്ഞു. 

സ്‌ഫോടക വസ്തു നിറച്ച വാഹനം സൈനികരുടെ വാഹനത്തിന് നേരെ എവിടെ നിന്ന് വന്നുവെന്നും ഈ സംഭവം നടന്നപ്പോള്‍ പ്രധാനമന്ത്രി എവിടെയായിരുന്നുവെന്നും അദ്ദേഹം ഉറങ്ങുകയായിരുന്നോ എന്നും പരശുറാം ചോദ്യം ഉന്നയിച്ചു. 

പുല്‍വാമയില്‍ സൈനികര്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുതെന്ന് കൊല്ലപ്പെട്ട രോഹിതാഷ് എന്ന സൈനികന്റെ സഹോദരന്‍ ജിതേന്ദ്ര പറഞ്ഞു. സൈനികരെ കടത്തിവിടാന്‍ എയര്‍ ക്രാഫ്റ്റ് വേണമെന്ന അഭ്യാര്‍ഥനയോട് ആഭ്യന്തര മന്ത്രാലയം 'നോ' പറയരുതായിരുന്നു. സൈനികരുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജീത്‌റാം എന്ന സൈനികന്റെ കുടുംബം സത്യപാല്‍ മാലിക് ആക്രമണം നടന്ന അന്ന് തന്നെ ഇക്കാര്യം പറയണമായിരുന്നുവെന്നും പറഞ്ഞു. 
 
സൈനികരുടെ മരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് വിരമിച്ച മുന്‍ ആര്‍മി ജനറല്‍ ശങ്കര്‍ റോയ്ചൗധരിയും പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഏറ്റെടുക്കണമെന്നും ശങ്കര്‍ റോയ്ചൗധരി ദി ടെലിഗ്രാഫിനോട് പറഞ്ഞിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കേന്ദ്ര സര്‍ക്കാരോ ബി. ജെ. പിയോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Latest News