Sorry, you need to enable JavaScript to visit this website.

മൊറോക്കോ കളിച്ചു റൊണാൾഡോ അടിച്ചു

സൂപ്പർ റോണോ... മൊറോക്കോക്കെതിരെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
  • പോർച്ചുഗൽ 1- മൊറോക്കോ 0

മോസ്‌കോ- നാലാം മിനിറ്റിൽ തന്നെ സ്‌കോർ ചെയ്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും വേഗമുള്ള ഗോളിനുടമയായപ്പോൾ, ഈ ലോകകപ്പിൽനിന്ന് ആദ്യമായി പുറത്താകുന്ന ടീമായി മൊറോക്കോ. ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും നിർഭാഗ്യംകൊണ്ടു മാത്രമാണ് മൊറോക്കോക്ക് തോൽവി നേരിട്ടത്.
കഴിഞ്ഞ മത്സരത്തിൽ സ്‌പെയിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ ഇന്നലെ ഒന്നാംതരം ഹെഡറിലൂടെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ 33 കാരന്റെ പേരിൽ 85 അന്താരാഷ്ട്ര ഗോളുകളായി. യൂറോപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം, ലോകത്ത് രണ്ടാമത്തെയും. ഹംഗറിയുടെ ഇതിഹാസ താരം ഫരെങ്ക് പുസ്‌കാസിനെ പിന്നിലാക്കിയാണ് റൊണാൾഡോ യൂറോപ്യൻ റെക്കോഡിനുടമയായത്. 109 ഗോളടിച്ച ഇറാന്റെ അലി ദായി മാത്രമാണ് ഇനി റോക്ക് മുന്നിൽ.
ഈ ലോകകപ്പിൽ റൊണാൾഡോയുടെ നാലാമത്തെ ഗോളാണിത്. ആദ്യ മത്സരത്തിൽ സ്‌പെയിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ ടോപ് സ്‌കോറർ പട്ടം നിലനിർത്തി.
മോസ്‌കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയത്തിൽ റൊണാൾഡോ എന്ന അപകടത്തെ ചെറുക്കാൻ പ്രതിരോധം ശക്തിപ്പെടുത്തുകയായിരുന്നു മൊറോക്കൻ കോച്ച് ഹാർവി റെനാഡ്. മാനുവൽ ഡാ കോസ്റ്റയെയും, നബീൽ ദിരാറിനെയുമാണ് റൊണാൾഡോയെ പൂട്ടാൻ ഫ്രഞ്ചുകാരനായ കോച്ച് നിയോഗിച്ചത്. എന്നാൽ മൗനിന്യോയുടെ ക്രോസിലേക്ക് ഈ രണ്ട് പ്രതിരോധക്കാരെയും മറികടന്ന് ഉയർന്നുചാടി റൊണാൾഡോ തലവെച്ചപ്പോൾ, മൊറോക്കൻ ഗോളി മുനീർ അൽഖജൗവി നിസ്സഹായനായി. 
തൊട്ടുപിന്നാലെ തന്നെ റൊണാൾഡോ ലീഡ് വർധിപ്പിച്ചെന്ന് തോന്നിച്ചതാണ്. റഫായേൽ ഗുരെയ്‌റോയിൽനിന്ന് കിട്ടിയ പാസുമായി മുന്നേറിയ റയൽ മഡ്രീഡ് താരത്തിന്റെ ഷോട്ട് പുറത്തുപോയി.
പിന്നീട് ആക്രമണം ക്രമേണ മൊറോക്കോ ഏറ്റെടുക്കുന്നതാണ് കണ്ടത്. വലതുവിംഗിൽ കേന്ദ്രീകരിച്ച് അവർ തുടരെത്തുടരെ നടത്തിയ മുന്നേറ്റങ്ങൾ പലതും ലക്ഷ്യത്തിലെത്താതെ പോയത് നിർഭാഗ്യം കൊണ്ടാണ്. ഹാകിം സിയാച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് പോർചുഗീസ് പ്രതിരോധം കഷ്ടിച്ച് രക്ഷപ്പെടുത്തി. ബോക്‌സിനുള്ളിൽനിന്ന് മുബാറക് ബൗസൂഫയുടെ ഷോട്ട് യോവാവോ മൗട്ടീഞ്ഞോ തട്ടിയകറ്റി. മറുഭാഗത്ത് ഗോളിനുവേണ്ടി റൊണാൾഡോ പെനാൽറ്റി ഏരിയയിൽ നിലകൊണ്ടെങ്കിലും കാര്യമായ പാസുകളൊന്നും ലഭിച്ചില്ല.
ഗോൾ മടക്കാനുള്ള മൊറോക്കോയുടെ സമ്മർദം ശക്തമായതോടെ പരുക്കൻ അടവുകളും കണ്ടു. ക്രിസ്റ്റ്യാനോയും, മൊറോക്കോയുടെ നൂറുദ്ദീൻ അംറബത്തും കടുത്ത ടാക്ലിംഗിനിരയായി. ഇതിനിടെ റൊണാൾഡോയുടെ പാസിൽനിന്ന്‌ന ഗോൾസാലോ ഗ്വേഡസ് പായിച്ച ഷോട്ട് മുനിൽ അൽ ഖജൗവി സമർഥമായി തട്ടിയകറ്റി.
രണ്ടാം പകുതിയിൽ മൊറോക്കോ സമ്മർദം തുടർന്നതോടെ പോർച്ചുഗീസ് ഗോളി പാട്രീഷ്യോ നിരന്തരം പരീക്ഷിക്കപ്പെട്ടു. എന്നാൽ ഗോൾ മാത്രം പിറന്നില്ല. 
ബെൽഹന്ദയുടെ വളഞ്ഞുവന്ന ഷോട്ട് പാട്രീഷ്യോ സാഹസികമായാണ് തട്ടിയകറ്റിയത്. മിനിറ്റുകൾക്കുശേഷം മറ്റൊരു മനോഹര സെയ്‌വും പാട്രീഷ്യോ നടത്തി. അൽപസമയത്തിനുശേഷം യൂവെന്റസ് താരം മെഹ്ദി ബെനാത്തിയ പായിച്ച ഇടങ്കാലൻ ഷോട്ട് പോർച്ചുഗീസ് പോസ്റ്റിനുമുകളിലൂടെയാണ് പോയത്. ഫൈനൽ വിസിലിനു തൊട്ടുമുമ്പ് പോർച്ചുഗീസ് ഡിഫൻഡർ ഫോണ്ടെയെ വെട്ടിച്ച് മുന്നേറിയ സിയാച്ചിനെ പെപെ തടഞ്ഞു. തൊട്ടുപിന്നാലെ ബെനാത്തിയയുടെ മറ്റൊരു ഷോട്ടുകൂടി ബാറിനുമുകളിലൂടെ പറന്നതോടെ മൊറോക്കോയുടെ പ്രതീക്ഷകൾ അസ്തമിച്ചു. 
ഈ വിജയത്തോടെ നാല് പോയന്റുള്ള പോർച്ചുഗലിന്റെ അടുത്ത എതിരാളികൾ ഇറാനാണ്, ജൂൺ 25നാണ് മത്സരം. അന്നുതന്നെ മൊറോക്കോ സ്‌പെയിനിനെയും നേരിടും.
 

Latest News