കോഴിക്കോട് - തീവണ്ടിയിലെ തീവെപ്പ് ഭീകര പ്രവര്‍ത്തനമായതിനാലാണ് യു.എ.പി.എ ചുമത്തിയതെന്ന് പോലീസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഷാറൂഖിനായുള്ള ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം സംഭവത്തിലെ ദുരൂഹത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കായി ലീഗല്‍ എയ്ഡ് ഡിഫന്‍സ് ചീഫ് കൗണ്‍സല്‍ പി. പീതാംബരന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസ് ഇനി സെഷന്‍സ് കോടതിയുടെ പരിധിയിലായതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ തീര്‍പ്പാക്കി. കോടതിയുടെ അധികാരപരിധിയില്‍ നിന്നു മാറിയതോടെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നതിനാല്‍ അതുമായി മന്നോട്ടപോവുന്നില്ലെന്ന് പ്രതിഭാഗവും വ്യക്തമാക്കി.
കേസില്‍ യു.എ.പി.എ. ചുമത്തിയതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിനത്ത് കുന്നത്ത് ആവശ്യപ്പെട്ടു. എന്‍.ഐ.എ. കേസ് റീ രജിസ്റ്റര്‍ ചെയ്ത കാര്യവും കോടതിയെ അറിയിച്ചു. യു.എ.പി.എ. ചേര്‍ത്തതിനാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. യു.എ.പി.എ. റിപ്പോര്‍ട്ട് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. രേഖകള്‍ പ്രത്യേക കോടതിയിലേക്ക് വിട്ടുകിട്ടാനായി എന്‍.ഐ.എ. അടുത്ത ദിവസം തന്നെ സെഷന്‍സ് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ഇന്നാണ് ഷാരൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.