Sorry, you need to enable JavaScript to visit this website.

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; ജിദ്ദയിൽ ഒരുക്കം പൂർണം, ഇന്ത്യന്‍ സ്കൂള്‍ ഒരുങ്ങി

പ്രതീകാത്മക ചിത്രം

ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കം ജിദ്ദയിൽ പൂർണമായി. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലേക്കാണ് സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നവരെ കൊണ്ടുവരിക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരെയും ജിദ്ദയിൽ എത്തിച്ചു. ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് വ്യോമസേനയുടെ ആദ്യ വിമാനം ജിദ്ദയിലെത്തി. അഞ്ചു വിമാനങ്ങൾ കൂടി ജിദ്ദയിലേക്ക് വരും. വിവിധ രാജ്യങ്ങളിൽനിന്ന് സമാന സന്ദർഭങ്ങളിൽ ഈ വിമാനങ്ങൾ വഴി ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിച്ചിട്ടുണ്ട്. സുഡാനിൽ ഏറ്റവും എളുപ്പത്തിൽ എത്തുന്ന രാജ്യമെന്ന പരിഗണനയിലാണ് ജിദ്ദയെ ഇടത്താവളമായി തെരഞ്ഞെടുത്തത്.  ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യവിമാനം ദൽഹിയിൽനിന്ന് ജിദ്ദയിലെത്തി.  സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച്, സുഡാനിൽനിന്ന് ഇന്ത്യൻ എംബസി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് വിമാനം സുഡാനിലേക്ക് തിരിക്കും. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഈ വിമാനത്തിലാണ് ജിദ്ദയിലേക്ക് കൊണ്ടുവരും. സുഡാനിൽ നിലവിൽ മുവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനത്തിൽ ജിദ്ദയിൽ എത്തിക്കും. ഇവിടെനിന്ന് ചാർട്ടേഡ് വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്. ഇന്ത്യൻ സ്‌കൂളിൽ ഒരുക്കം പൂർത്തിയായി. സ്‌കൂളിന്റെ ഒരു ഭാഗമാണ് ഒഴിപ്പിക്കുന്നവർക്ക് വേണ്ടി നീക്കിവെച്ചത്. മുവായിരത്തോളം ഇന്ത്യക്കാരാണ് നിലവിൽ സുഡാനിലുള്ളത്. പോരാട്ടം രൂക്ഷമായ ഖാർത്തൂമിലുള്ളവരെയാകും ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. 
സുഡാനിൽനിന്നുള്ളവരെ ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരും ജിദ്ദയിലെത്തി. 
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാർ അടക്കമുള്ളവർ ജീവന് ഭീഷണിയിലാണ്. ആദ്യ ദിവസം തന്നെ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സുഡാൻ പ്രതിസന്ധി സംബന്ധിച്ച് ചർച്ച നടത്തി. ഇരുവരും ഫോണിലാണ് ചർച്ച നടത്തിയത്. സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ഇരുവരും സുഡാൻ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും വിധത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കേണ്ടതിന്റെയും നേരത്തെ ഒപ്പുവെച്ച ഫ്രെയിംവർക്ക് ഉടമ്പടിയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
അതേസമയം, സുഡാനിലെ ഇന്ത്യൻ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് സുഡാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആളുകളെ കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. ഏതാനും ദിവസം കൂടി ഈ സ്ഥിതി തുടർന്നേക്കാം. അയൽവാസികളിൽനിന്ന് സഹായം സ്വീകരിക്കണമെന്നും വീട്ടിൽ തന്നെ തുടരണമെന്നും എംബസി ആവശ്യപ്പെട്ടു.

സൗദി അറേബ്യക്ക് പുറമെ, യു.എ.ഇ വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കാമെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ യു.കെയുടെയും യു.എസിന്റെയും ഇടപെടൽ സാധ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സുഡാനിൽ നിർണായക ഇടപെടൽ നടത്താൻ കഴിയുന്ന രാജ്യങ്ങളാണ് സൗദിയും യു.എ.ഇയും യു.എസും. ഈ സാഹചര്യത്തിലാണ് ഇവരുമായി ഇന്ത്യ ചർച്ച നടത്തുന്നത്. 
കർണാടകയിൽ നിന്ന് പോയ നാൽപ്പത് ആദിവാസികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങി കിടക്കുന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിൽ പുരോഗമനമില്ലെന്നാണ് സൂചന. ദൽഹിയിൽ വിദേശകാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരോട് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് എംബസി നിർദേശം നൽകി. തെരുവുകളിൽ കൂട്ട ആക്രമണം നടക്കുന്നതിനാൽ ഒരു വിധത്തിലുള്ള യാത്രാ ക്രമീകരണങ്ങളും സാധ്യമല്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. അർധസൈനിക വിഭാഗമായ ആർ.എസ്.എഫ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്.
 

Latest News