ന്യൂയോർക്ക്- അമേരിക്കയുടെ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയുടെ കൃത്രിമ ഉപഗ്രങ്ങളിലൊന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് നാസ വെളിപ്പെടുത്തി. ഭൗമോപരിതലത്തിലേക്ക് എത്തുന്നതിനുമുമ്പായി ഉപഗ്രഹത്തിന്റെ ഏതാണ്ടു മുഴുവൻ ഭാഗങ്ങളും കത്തിത്തീരുന്നതിനാൽ പതനം വഴി ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് അപായം സംഭവിക്കാനുള്ള സാധ്യത വിരളമാണെന്നും നാസ അറിയിച്ചു. ഭൂമിയുടെ ഏതു ഭാഗത്ത് എപ്പോൾ അതിന്റെ ഭാഗങ്ങൾ പതിക്കുമെന്ന കാര്യം കൃത്യമായി പറയാനാകില്ലെന്ന നിഗമനത്തിലാണ് നാസ. 2002 ൽ സൂര്യനെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഉപഗ്രഹം വിക്ഷേപിതെങ്കിലും കമ്യൂണിക്കേഷൻ തകരാറു നിമിത്തം 2018 മുതൽ ഉപയോഗ ശൂന്യമായ അവസ്ഥയിലായിരുന്നു. റെസ്സി എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഉപഗ്രഹം വഴി സൂര്യനിൽ നിന്നും പുറപ്പെടുന്ന എക്‌സ്, ഗാമ തരംഗങ്ങളെ സൂക്ഷമമായി ചിത്രീകരിക്കാൻ സാധിച്ചിരുന്നു. സൂര്യന്റെ ജ്വലനത്തെ കുറിച്ച് ഏറെ പഠനങ്ങൾ നടത്താൻ അതു വഴി നാസക്ക് അവസരം ലഭിച്ചിരുന്നു.