ഐസ്വാള്‍- ഇന്ത്യയിലെ ഏറ്റവും സന്തോഷം അനുഭവിക്കുന്ന ജനത വസിക്കുന്നത് മിസോറമിലാണെന്ന് പഠനം. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് .കെ പിലാനിയ നടത്തിയ പഠനത്തിലാണ് മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷം നിറഞ്ഞ സംസ്ഥാനമായി കണ്ടെത്തിയത്.
ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ശാരീരിക- മാനസിക ആരോഗ്യം, സാമൂഹിക പ്രശ്‌നങ്ങള്‍, മതം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കോവിഡിന്റെ സ്വാധീനം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പഠനം നടത്തിയത്. യുവാക്കളുടെ സന്തോഷത്തിന് മിസോറാമിന്റെ സാമൂഹിക ഘടനയും വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ജോലിയും ചെറുതായി കാണാത്ത മിസോറാമിലെ കുട്ടികള്‍ ലിംഗഭേദമില്ലാതെ നേരത്തെ തന്നെ ജോലി ചെയ്തു തുടങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അവര്‍ ഒരു ജോലിയും ചെറുതായി കാണുന്നില്ലെന്ന മാത്രമല്ല 16, 17 വയസാവുമ്പോള്‍ തന്നെ ജോലി കണ്ടെത്തുകയും അത് പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.