കോഴിക്കോട് - സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2018-ലെ സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറത്തെ ശിശുരോഗ വിദഗ്ധൻ ഡോ. സി.എം അബൂബക്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചിത്സയ്ക്കായി ക്ലിനിക്കിലെത്തിയ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയിലാണ് ഡോക്ടർക്കെതിരെ പോക്സോ ചുമത്തിയതെന്ന് കസബ പോലീസ് പറഞ്ഞു. ഈ മാസം 11, 17 തിയ്യതികളിൽ ചാലപ്പുറത്തെ ഡോക്ടേഴ്സ് ക്ലിനിക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഡോക്ടറുടെ പെരുമാറ്റത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന്, പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടർക്കെതിരെ മുമ്പും ധാരാളം പരാതികൾ ഉയർന്നിരുന്നുവെന്നും അവയെല്ലാം ഒത്തുതീർപ്പുകൾ വഴി ഒഴിവാക്കിയതാണെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത ഡോക്ടറെ കോഴിക്കോട് കസബ പോലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന്, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് ഒന്നുവരെ കോടതി റിമാൻഡ് ചെയ്തു.