കൊച്ചി - കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവെച്ചിട്ടുണ്ട്. ബി ജെ പി പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അറിയുന്നത്. പുതിയ പാര്‍ട്ടി എന്‍.ഡി എയിലെ ഘടകകക്ഷിയാകും. എപ്രില്‍ 22ന് പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കും.
വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും രാജിവയ്ക്കുകയാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. ഇക്കാലമത്രയും എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവന്‍ യു ഡി എഫ് പ്രവര്‍ത്തകരോടും നേതാക്കളോടും ഞാന്‍ നന്ദി അറിയിക്കുന്നു. എന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകരെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും രാജിവെച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ജോണിനെല്ലൂര്‍ പറഞ്ഞു, യു ഡി എഫില്‍ വേണ്ട രീതിയിലുള്ള പരിഗണന കിട്ടുന്നില്ലെന്നതാണ് രാജിയ്ക്ക് ആധാരമായി ജോണി നെല്ലൂര്‍ പറയുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം 25 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.