കൊല്ലം- കൊല്ലം - തിരുമംഗലം പാതയില്‍ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ അതിവേഗം പഴുപ്പിക്കാന്‍ കാത്സ്യം കാര്‍ബൈഡ് കലര്‍ത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കിളികൊല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചന്തകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ആരോഗ്യ വകുപ്പ് സംഘം ഫലവ്യാപാര സ്ഥാപനത്തിലെത്തിയത്. മറ്റ് ഫലങ്ങള്‍ പരിശോധിച്ച ശേഷം മാങ്ങ നിറച്ച പെട്ടികളില്‍ ഒന്ന് പൊട്ടിച്ച് നോക്കിയപ്പോള്‍ വലിയ ചൂട് അനുഭവപ്പെട്ടു. മാങ്ങകള്‍ക്ക് മുകളില്‍ എന്തോ പുരട്ടിയിട്ടുള്ളതായും കണ്ടെത്തിയതോടെ കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചുവെന്ന് പ്രാഥമികമായി സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് നാല് പെട്ടികളും സമാനമായ അവസ്ഥയിലായിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം സാമ്പിളെടുത്ത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. കട താത്കാലികമായി സീല്‍ ചെയ്തു.
തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയതാണെന്നാണ് കടയുടമ ആദ്യം പറഞ്ഞത്. പിന്നീട് കൊല്ലത്ത് നിന്ന് വാങ്ങിയതാണെന്ന് തിരുത്തി. പ്രാദേശികമായി വാങ്ങിയ മാങ്ങ കുണ്ടറയില്‍ നിന്ന് കാത്സ്യം കാര്‍ബൈഡ് വാങ്ങി പഴുപ്പിക്കുകയായിരുന്നുവെന്ന് കടയുടമ ഒടുവില്‍ വെളിപ്പെടുത്തി.